കൊച്ചി • വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങി. സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. പിന്നിലെ ഗേറ്റിലൂടെ രഹസ്യമായാണ് ഓഫിസില്‍ പ്രവേശിച്ചത്. ഇന്നലെ സക്കീര്‍ ഡിസിആര്‍ബി അസി. കമ്മിഷണര്‍ എസ്. ഷിഹാബുദ്ദീനു മുന്‍പില്‍ കീഴടങ്ങുമെന്നു പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചിരുന്നെങ്കിലും സക്കീര്‍ എത്തിയില്ല. തുടര്‍ന്നാണ് ഇന്നു രാവിലെ മാധ്യമങ്ങളുടെയെല്ലാം കണ്ണുവെട്ടിച്ച് രഹസ്യമായി കമ്മിഷണര്‍ ഓഫിസില്‍ കീഴടങ്ങിയത്. സക്കീര്‍ കീഴടങ്ങാത്തത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. മാത്രമല്ല കേസില്‍ ഒന്നാംപ്രതിയായ സക്കീറിന് പാര്‍ട്ടി ഓഫിസില്‍ ഒളിത്താവളമൊരുക്കിയതും സിപിഎമ്മിന് വലിയ തലവേദനയായി. രാവിലെ ഏഴരയോടെ രഹസ്യമായാണു സക്കീര്‍ ഹുസൈന്‍ ഡിസിആര്‍ബി ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെത്തിയത്. ഏഴോമുക്കാലോടെ എസി ഓഫിസിലെത്തി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പരാതിക്കാരായ ജൂബി പൗലോസിനെ അല്‍പം മുന്‍പു വിളിച്ചുവരുത്തി. ജൂബി സക്കീര്‍ ഹുസൈനെ തിരിച്ചറിഞ്ഞു. ഉച്ചതിരിഞ്ഞു കാക്കനാട് കുന്നുംപുറം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.