ന്യൂഡല്‍ഹി: ഗുര്‍മീത് റാം നിഷ്കളങ്ക മനസിനുടമയെന്ന് ബിജെപി നേതാവ് സാക്ഷി മഹാരാജ്. ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹിം സിംഗിനെ ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് സാക്ഷി മഹാരാജ് അദേഹത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. കോടതിയാണ് ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ടിരുന്ന അക്രമങ്ങള്‍ക്കു കാരണമെന്നു സാക്ഷി മഹാരാജ് ആരോപിച്ചു. ക്രമസമാധാനം തകരുന്നതും ജനങ്ങള്‍ മരിക്കുന്നതും കോടതിക്കു പ്രശ്നമല്ലെയെന്നും സാക്ഷി മഹാരാജ് ചോദിച്ചു. കോടിക്കണക്കിന് ആളുകള്‍ ദൈവമായി കാണുന്ന റാം റഹിമോ, റാം റഹിമിനെപോലെ നിഷ്കളങ്ക മനസുള്ള ആള്‍ക്കെതിരേ പരാതി നല്കിയ പെണ്‍കുട്ടിയോ.. ആരാണ് ശരി..? റാം റഹിമിനെതിരായ കോടതി വിധി ഇന്ത്യന്‍ സംസ്കാരത്തെ കളങ്കപ്പെടുത്താനുള്ള ദുഷ്പ്രചാരണമാണ്. നിരവധി കേസുകളില്‍ പ്രതിയായ ജുമ മസ്ജിദ് ഷാഹി ഇമാമിനെതിരേ ഇത്തരത്തിലൊരു വിധി പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിയോ ഹൈക്കോടതിയോ തയറാകുമോ..? റാം റഹിം എന്ന സാധാരണക്കാരനായ മനുഷ്യനെ ഇത്തരത്തില്‍ പീഡിപ്പിക്കുകയാണ്- സാക്ഷി മഹാരാജ് പറഞ്ഞു.