ന്യൂഡല്‍ഹി: ഒളിംപിക്സ് മെഡല്‍ തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയെന്ന് സാക്ഷി മാലിക്. ഗുസ്തി താരമായതിന്റെ പേരില്‍ പല തവണ പരിഹാസപാത്രമായിട്ടുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് തന്റെ മെഡലെന്ന് സാക്ഷി പറഞ്ഞു. ദേശീയ മാധ്യമം ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാക്ഷി.
കായിക രംഗം തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. ജീവിതം അവസാനിച്ചുവെന്ന് കരുതുന്ന പരുക്കുകള്‍ ഉണ്ടായിട്ടുണ്ട്. കാല്‍മുട്ടിനേറ്റ പരുക്കിന് ശേഷവും തനിക്ക് ഒളിംപിക്സ് മെഡല്‍ നേടാന്‍ കഴിയുമെങ്കില്‍ മറ്റ് കായിക താരങ്ങള്‍ക്കും അത് സാധിക്കും. മറ്റ് താരങ്ങളോടും താന്‍ ഇക്കാര്യം പറയാറുണ്ടെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.റിയോയിലേക്ക് പോകുന്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നു. എന്നാല്‍ മടങ്ങി വന്നപ്പോള്‍ ഒരു രാജ്യം മുഴുവന്‍ തന്റെ ഒപ്പം ഉണ്ടായിരുന്നെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.