വാഷിംഗ്ടണ്‍: കശ്മീര്‍ താഴ്വരയെ ഇന്ത്യന്‍സേനയുടെ ശവപ്പറമ്ബാക്കി മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയ ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയിദ് സലാഹുദീനെ ആഗോള ഭീകരനായി അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്ബാണ് പ്രഖ്യാപനം. അമേരിക്കന്‍ നടപടിയെ ഇന്ത്യ സ്വാഗതം ചെയുകയും അമേരിക്കയുടെ നടപടി സ്വാഗതാര്‍ഹമാണെന്നും ഇരു രാജ്യങ്ങളും ഭീകരവാദ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇത്തരം തീരുമാനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ ട്വീറ്റ് ചെയ്തു. സെയിദ് സലാഹുദ്ദീന് 2016 സെപ്റ്റംബറില്‍ കശ്മീര്‍പ്രശ്നം പരിഹരിക്കാനുള്ള സമാധാന ഉടമ്ബടികള്‍ തള്ളിക്കളയണമെന്നും കൂടുതല്‍ കശ്മീരി ചാവേറുകള്‍ക്ക് പരിശീലനം നല്‍കുമെന്നും ആഹ്വാനം ചെയ്തിരുന്നു. 2014 ഏപ്രിലില്‍ ജമ്മുകാഷ്മീരില്‍ ഉണ്ടായ സ്ഫോടനത്തിന് നേതൃത്വം നല്‍കിയത് സലാഹുദ്ദീന് ആയിരുന്നു. 17 പേര്‍ക്കാണ് അന്നത്തെ സ്ഫോടനത്തില്‍ ജീവന് നഷ്ടപ്പെട്ടത്. ഇതടക്കം മറ്റ്ചില പ്രധാനപ്പെട്ട ആക്രമണപരമ്ബരകളും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നടത്തിയത് ഇയാളുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും അമേരിക്ക വ്യക്തമാക്കി.