സമയം മൂവി അവാര്‍ഡ്സ് 2020 – 2021: ഹോം മികച്ച ചിത്രം, ഇന്ദ്രൻസ് നടൻ, നിമിഷ സജയൻ നടി, റോജിൻ സംവിധായകൻ

33

കൊച്ചി: മലയാളം മൂന്നാമത് സമയം മൂവി അവാർഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ഇന്ദ്രൻസും മികച്ച നടിയായി നിമിഷ സജയനും മികച്ച സിനിമയായി ഹോമും മികച്ച സംവിധായകനായി റോജിൻ തോമസും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കുറിയും വായനക്കാരാണ് സമയം മലയാളത്തിന് വേണ്ടി വിധികര്‍ത്താക്കളായത്.

നീണ്ട ഒരുമാസത്തെ ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് സമയം വായനക്കാര്‍ 2020 – 21 കാലഘട്ടത്തിലെ മലയാള സിനിമയിലെ മികച്ച പ്രതിഭകളെ തെരഞ്ഞെടുത്തത്. തീയേറ്റര്‍, ഒടിടി റിലീസുകളായെത്തിയ സിനിമകളെയെല്ലാം മത്സരത്തിൽ പരിഗണിച്ചിരുന്നു.

മികച്ച സിനിമയായി ഹോം

മികച്ച സിനിമയ്ക്കായുള്ള മത്സരത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചത് റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം ആയിരുന്നു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, അഞ്ചാം പാതിര, അയ്യപ്പനും കോശിയും, കപ്പേള, സൂഫിയും സുജാതയും, വെള്ളം, ജോജി, നായാട്ട് എന്നീ സിനിമകളെ പിന്തള്ളിയാണ് ഹോം മുന്നിലെത്തിയത്.

ഇന്ദ്രൻസ് മികച്ച നടൻ

മികച്ച നടനായ ഇന്ദ്രൻസ് (ഹോം) 68 ശതമാനം വോട്ടുകള്‍ നേടിയാണ് മുന്നിലെത്തിയത്. ജയസൂര്യയാണ് തൊട്ടുപിന്നിലുള്ളത് (വെള്ളം). ബിജു മേനോൻ, ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത്, മനോജ് കെ, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ എന്നിവരാണ് പട്ടികയിലുണ്ടായിരുന്ന മറ്റ് നടന്മാര്‍.

നിമിഷ മികച്ച നടി

മികച്ച നടിയായി 58 ശതമാനം വോട്ടുകളുമായി നിമിഷ സജയൻ (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) തെരഞ്ഞെടുക്കപ്പെട്ടു. മഞ്ജു വാര്യര്‍, അനഘ നാരായണൻ, അന്ന ബെൻ, സാനിയ ഇയ്യപ്പൻ, സംയുക്ത മേനോൻ, ഗ്രേസ് ആന്‍റണി, രജിഷ വിജയൻ, പ്രയാഗ മാര്‍ട്ടിൻ എന്നിവരാണ് മാറ്റുരച്ച മറ്റ് നടിമാര്‍.

റോജിൻ തോമസ് മികച്ച സംവിധായകൻ

മികച്ച സംവിധായകൻ എന്ന വിഭാഗത്തിൽ മത്സരിച്ചത് മാർ‍ട്ടിൻ പ്രക്കാട്ട് (നായാട്ട്), സച്ചി (അയ്യപ്പനും കോശിയും ), സെന്ന ഹെഗ്ഡേ (തിങ്കാളാഴ്ച നിശ്ചയം), ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ), പ്രജേഷ് സെൻ (വെള്ളം), ഷാനവാസ് നരണിപ്പുഴ (സൂഫിയും സുജാതയും), ദിലീഷ് പോത്തൻ (ജോജി), ലിജോ ജോസ് പെല്ലിശ്ശേരി (ചുരുളി), റോജിൻ തോമസ് (ഹോം) എന്നിവരായിരുന്നു. ഇതിൽ നിന്ന് റോജിൻ തോമസിനെയാണ് വായനക്കാര്‍ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത്.

വില്ലനായി ഷറഫുദ്ദീൻ

മികച്ച വില്ലനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മലയാളികളുടെ പ്രിയതാരം ഷറഫുദ്ദീനാണ്. അഞ്ചാം പാതിരയിലെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രകടനം കണക്കാക്കിയാണ് ഈ പുരസ്കാരം. സിദ്ധിഖ്, ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ധനേഷ് ആനന്ദ്, ഇര്‍ഷാദ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സുമേഷ് മൂർ‍, ഫഹദ് ഫാസിൽ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

സാഗര്‍ സൂര്യ പുതുമുഖം

മികച്ച പുതുമുഖതാരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സാഗര്‍ സൂര്യയാണ്. കുരുതിയിലെ പ്രകടനം മുൻനിര്‍ത്തിയാണിത്. ഇവാൻ അനിൽ, അച്യുതൻ, ദേവ് മോഹൻ, അനഘ നാരായണൻ, അര്‍ജുൻ അശോകൻ, ആനന്ദ് റോഷൻ, ആദ്യ പ്രസാദ്, മമിത ബൈജു എന്നിവരുമായിട്ടായിരുന്നു പ്രധാന മത്സരം.

നസ്ലിൻ സഹനടൻ

മികച്ച സഹനടനായി നസ്ലിനെ(ഹോം) വായനക്കാര്‍ തെരഞ്ഞെടുത്തു. ജോജു ജോർജ്ജ്, വിനയ് ഫോ‍ർട്ട്, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ലുക്മാൻ ലുക്കു, റോഷൻ മാത്യു, ബാലു വർഗ്ഗീസ്, സുധീഷ് എന്നിവരുമായിട്ടായിരുന്നു മത്സരം.

വിൻസി സഹനടി

മികച്ച സഹനടിയായി വായനക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത് വിൻസി അലോഷ്യസിനെയാണ്(കനകം കാമിനി കലഹം). ഗൗരി നന്ദ, ഐശ്വര്യ ലക്ഷ്മി, ഉണ്ണിമായ, അഞ്ജലി നായര്‍, ശ്രിന്ദ, സയ ഡേവിഡ്, അജിഷ പ്രഭാകരൻ, നിൽജ എന്നിവരെ പിന്തള്ളിയാണ് വിൻസി മുന്നിലെത്തിയത്.

NO COMMENTS