മുംബൈ: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചില്ലായിരുന്നെങ്കില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ ടീമില്‍ നിന്ന് പുറത്താക്കുമായിരുന്നെന്ന് ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ സെലക്ടര്‍ ആയിരുന്ന സന്ദീപ് പാട്ടീല്‍. ഒരു മറാത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാട്ടീലിന്‍റെ വെളിപ്പെടുത്തല്‍. 2012 ഡിസംബര്‍ 12ന് ബി.സി.സി.ഐ യോഗത്തിന് ശേഷം സച്ചിനോട് ഭാവി പരിപാടികളെക്കുറിച്ച് ചോദിച്ചു. വിരമിക്കാന്‍ ആലോചിക്കുന്നില്ലെന്ന് സച്ചിന്‍ മറുപടി നല്‍കി.വിരമിക്കുന്നില്ലെങ്കില്‍ പുറത്താക്കാന്‍ സെലക്ഷന്‍ കമ്മറ്റി ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു. ഇക്കാര്യം അറിയിച്ചതോടെ അദ്ദേഹം വിരമിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നെന്നും സന്ദീപ് പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.തന്നെയും അന്നത്തെ ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് ജഗ്ഡെയ്ലിനെയും വിളിച്ചാണ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം അദ്ദേഹം അറിയിച്ചത്. 2013 നവംബറില്‍ സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് പുര്‍ണമായി വിരമിച്ചു.2014 ഡിസംബറില്‍ ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരന്പരയ്ക്കിടെ എം.എസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത് ഞെട്ടിച്ചുവെന്നും പാട്ടീല്‍ പറഞ്ഞു.