ദില്ലി: ടെന്നിസ് താരം സാനിയ മിര്‍സ പാകിസ്ഥാന്റെ മരുമകളാണെന്നും അതിനാല്‍ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും സാനിയയെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ രാജാ സിംഗ്. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജാ സിംഗിന്റെ ഈ വിവാദ പ്രസ്താവന.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുന്നവരുടെ തല കൊയ്യുമെന്ന് ഭീഷണിപ്പെടുത്തി രാജാ സിംഗ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതുപോലെ രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിലും രാജാ സിംഗ് വിവാദ പ്രസ്താവന നടത്തിയിരുന്നു. പശുവിനെ രാഷ്ട്രമാതാവായി അംഗീകരിക്കുന്നത് വരെ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുമെന്നായിരുന്നു രാജാ സിംഗിന്റെ പ്രസ്താവന.
ക്രിക്കറ്റ് താരം ഷോയബ് മാലിക്കുമായുള്ള വിവാഹത്തെ പരാമര്‍ശിച്ചാണ് രാജാ സിംഗ് സാനിയയെ പാകിസ്ഥാന്റെ മരുമകള്‍ എന്ന് വിശേഷിപ്പിച്ചതെന്ന് വ്യക്തം. നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ജയ്ഷെ കമാന്‍ഡര്‍ കമ്രാനും ഗാസി റഷീദും സൈന്യത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാല് സൈനികരും ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു.