തിരുവനന്തപുരം : ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി കനകക്കുന്നിലെ സൂര്യകാന്തിയിൽ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം 2020 ന്റെ ഭാഗമായി ഹരിതസഹായ സ്ഥാപനങ്ങളുടെ റൗണ്ട് ടേബിൾ ചർച്ച സംഘടിപ്പിച്ചു. എല്ലാ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കൃത്യമായ പ്ലാസ്റ്റിക് സംഭരണ കേന്ദ്ര ങ്ങളും ജൈവ മാലിന്യ പ്ലാന്റുകളും നിർബന്ധിതമാക്കേണ്ടതുണ്ടെന്ന് ഹരിതസഹായ സ്ഥാപനങ്ങളിലെ പ്രതിനിധികൾ നിർദ്ദേശിച്ചു. ഇതിനായി ഭരണസമിതിയുടെ താഴെതട്ടു മുതൽ കൃത്യമായ നിർദേശങ്ങൾ നൽകണമെന്ന ആവശ്യം ചർച്ചയിൽ ഉയർന്നു.
മാലിന്യ നിർമ്മാർജ്ജനം ഫലപ്രദമാക്കാൻ കുടുംബശ്രീക്ക് വലിയ പങ്ക് വഹിക്കാനാകും. അജൈവ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോടൊപ്പം അതിന്റെ തുടർപ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സംവിധാനം നടപ്പിലാക്കണം. മാലിന്യ നിർമ്മാർജ്ജനത്തിന്റെ ആവശ്യകത സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ബോധവൽക്കരണം ഊർജ്ജിതമാക്കണം. കൂടാതെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും യൂസർ ഫീ ഏകീകൃതമാക്കേണ്ടതുണ്ടെന്നും ആശയം ഉയർന്നു.
ഹരിതസഹായ സ്ഥാപനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും ചർച്ച ചെയ്യപ്പെട്ടു. ചർച്ചയിൽ ഉയർന്ന വിഷയങ്ങൾ സംബന്ധിച്ച് ഉന്നതതല യോഗങ്ങളിലൂടെ ഉചിതമായ തീരുമാനം ഉടനടി കൈക്കൊള്ളുമെന്ന് മോഡറേറ്ററായിരുന്ന ശുചിത്വ മിഷൻ ഡയറക്ടർ (കുടിവെള്ളം) ബിജോയ് കെ.വർഗ്ഗീസ് പറഞ്ഞു. ഇരുപത്തഞ്ചോളം ഹരിതസഹായ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.