മുംബൈ: ജയില്‍ ശിക്ഷ അനുഭവിച്ച ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ ജയില്‍ മോചിതനാക്കിയതിനെ ചോദ്യം ചെയ്ത് കോടതി. അഞ്ച് വര്‍ഷത്തെ ശിക്ഷാ കാലാവധി കഴിയുന്നതിന് മുന്‍പ് എന്തിന്റെ അടിസ്ഥാനത്തിലാണ് സഞ്ജയ് ദത്തിനെ ജയില്‍ മോചിതനാക്കിയതെന്ന് കോടതി ചോദിച്ചു. എട്ട് മാസം മുമ്പാാണ് മോചിപ്പിച്ചത്. ദത്തിന് വി.ഐ.പി പരിഗണന നല്‍കിയ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച ബോംബെ ഹൈക്കോടതി ഇക്കാര്യത്തില്‍ വ്യക്തമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷയില്‍ കഴിയുന്ന സമയത്ത് തന്നെ സഞ്ജയ് ദത്തിന് ഒന്നിലധികം തവണ ജയിലിന് പുറത്ത് പോകാന്‍ അവസരം ലഭിച്ചിരുന്നു. 100 ദിവസത്തിലധികം ജയിലിന് പുറത്ത് ദത്തിന് കഴിയാനായത് സര്‍ക്കാര്‍ നല്‍കിയ വി.ഐ.പി പരിഗണന കൊണ്ടാണോയെന്നും കോടതി ചോദിക്കുന്നു. തടവില്‍ കഴിയേണ്ട സമയത്ത് പുറത്തിറങ്ങി വിലസിയ ദത്തിന്റെ സ്വഭാവം നല്ലതാണെന്ന് എങ്ങനെയാണ് തീരുമാനിക്കുന്നതെന്നും കോടതി ചോദിച്ചു. കോടതി അടുത്ത ആഴ്ച്ച വാദം കേള്‍ക്കും. 1993ല്‍ 250 ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ സ്ഫോടനത്തില്‍ പ്രതികളായവരില്‍ നിന്നും അനധികൃതമായി തോക്ക് കൈവശപ്പെടുത്തിയ കേസില്‍ സഞ്ജയ് കുറ്റക്കാരനാണെന്ന് 2013ലാണ് സുപ്രീംകോടതി വിധിച്ചത്.