ന്യൂഡല്‍ഹി: ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരെ മിന്നും സെഞ്ചുറി നേടിയ രാജസ്ഥാന് റോയല്‍സ് താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തിയ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് ധോണി ആരാധകരുടെ പൊങ്കാല. ഇന്ത്യന്‍ ടീമില്‍ താന്‍ കണ്ടതില്‍വച്ച് ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സഞ്ജുവാണെന്നും സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തിരുന്നു. സഞ്ജുവിന്റെ സെഞ്ചുറി പ്രകടനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
എന്നാല്‍, ട്വീറ്റ് വന്നതിനു പിന്നാലെ ധോണി ആരാധകര്‍ ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. എല്ലാക്കാലത്തും ധോണിക്കെതിരാണ് താങ്കളെന്നും, ധോണി എന്നൊരാളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നും, ധോണിയോട് ഏറ്റവും കൂടുതല്‍ അസൂയയുള്ളയാളാണ് ഗംഭീറെന്നുമൊക്കെയായിരുന്നു വിമര്‍ശകരുടെ വാക്കുകള്‍.
ഋഷഭ് പന്തിനെ അനുകൂലിച്ച് രംഗത്തെത്തിയവരും ഏറെയാണ്. സഞ്ജുവിനേക്കാള്‍ മികവ് പന്തിനുണ്ടെന്നും സഞ്ജു ലോകകപ്പിനു ശേഷം മാത്രം ടീമിലേക്ക് ഇടം പ്രതീക്ഷിച്ചാല്‍ മതിയെന്നുമായിരുന്നു ഒരുകൂട്ടമാളുകളുടെ അഭിപ്രായം. ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജു 55 പന്തില്‍ 102 റണ്‍സ് നേടിയെങ്കിലും മത്സരത്തില്‍ രാജസ്ഥാന് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.