പനാജി: എഴുത്തിയൊന്നാമതു സന്തോഷ് ട്രോഫി കിരീടം ബംഗാൾ സ്വന്തമാക്കി. ബംബോലിമിലെ ജിഎംസി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗോവയെ ഒരു ഗോളിനു തോൽപ്പിച്ചാണ് ബംഗാൾ ടീം ട്രോഫിയിൽ മുത്തമിട്ടത്. അധികസമയത്തിന്റെ അവസാന നിമിഷമായിരുന്നു വിജയഗോൾ പിറന്നത്. മൻവീർ സിങ്ങാണ് (120) ഗോൾ നേടിയത്. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സന്തോഷ് ട്രോഫി ബംഗാളിലേക്കു മടങ്ങിയെത്തുന്നത്. 32 ാം വട്ടവും കിരീടം നേടി ബംഗാൾ ടീം റിക്കാർഡ് സ്ഥാപിക്കുകയും ചെയ്തു. ആറാം തവണ ചാമ്പ്യന്മാരാവുകയെന്ന് ഉറപ്പിച്ചായിരുന്നു ഗോവയുടെ പ്രകടനം. എന്നാൽ, പേരിലെ പെരുമ നിലനിർത്താൻ ബംഗാളും ശ്രമിച്ചപ്പോൾ മൽസരം കടുത്തു. 90 മിനിറ്റ് കളം നിറഞ്ഞു കളിച്ചിട്ടും ഇരുപക്ഷത്തും ഗോൾ പിറന്നില്ല. ഒടുവിൽ അധികസമയം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ മൻവീർ ഗോൾ നേടുകയായിരുന്നു.