ട്യൂമര്‍ ശസ്ത്രക്രിയക്ക് ശേഷം ജവിതത്തിലേക്ക് മടങ്ങി നടി ശരണ്യ ശശി. ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചെന്ന് ശരണ്യ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു. മൂന്നാം വട്ടമാണ് ശരണ്യ ശസ്ത്രക്രിയയ്ക്ക് വിധേയയയാകുന്നത്.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ആസ്പത്രിയില്‍ നിന്ന് വീട്ടിലെത്തിയെന്നും എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ശരണ്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. വലിയൊരു ട്യൂമറാണ് തലയില്‍ നിന്ന് നീക്കം ചെയ്തത്. ജീവിതത്തില്‍ ഒരു വലിയ അത്ഭുതമാണ് സംഭവിച്ചത്. സാധാരണ ജീവിതത്തിലേക്ക് ഞാന്‍ മടങ്ങിവരുന്നു- ശരണ്യ കൂട്ടിച്ചേര്‍ത്തു.
സീരിയല്‍ രംഗത്ത് വര്‍ഷങ്ങളായി സജീവമാണ് ശരണ്യ. അസുഖത്തെ തുടര്‍ന്ന് ഇടക്കിടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. രോഗം ഭേദപ്പെട്ടപ്പോള്‍ ശരണ്യ വിവാഹ ജീവിതത്തിലേക്ക് കടന്നിരുന്നു. യുടിവിയില്‍ സീനിയര്‍ പ്രൊഡക്ഷന്‍ അസോസിയേറ്റായി ജോലി നോക്കുന്ന ബിനു സേവ്യറായിരുന്നു ശരണ്യയുടെ വരന്‍.
‘സൂര്യോദയം’ എന്ന സീരിയലിലൂടെയാണ് ശരണ്യ ക്യാമറയ്ക്ക് മുന്നിലെത്തിയത്. തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ചാക്കോ രണ്ടാമന്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.