കശ്മീര്‍ വിഷയം ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാര്‍ : സര്‍താജ് അസീസ്

163
courtesy : manorama online

ഇസ്‍ലാമാബാദ് • കശ്മീര്‍ വിഷയം ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് പാക്കിസ്ഥാന്‍ തയാറാണെന്ന് പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. എല്ലാ രാജ്യാന്തര സംഘടനകള്‍ക്കു മുന്നിലും കശ്മീര്‍ വിഷയം പാക്കിസ്ഥാന്‍ ഉയര്‍ത്തിക്കാട്ടും. സ്വയം നിര്‍ണയാവകാശത്തിനായുള്ള കശ്മീരി ജനതയുടെ പോരാട്ടത്തിന് പാക്കിസ്ഥാന്‍ മുഴുവന്‍ പിന്തുണയും നല്‍കും. രാഷ്ട്രീയപരമായും നയതന്ത്രപരമായും ധാര്‍മികപരമായും കശ്മീരി ജനതയെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കും.
അതിര്‍ത്തിയില്‍ ഏതു ആക്രമണവും നേരിടാന്‍ പാക്കിസ്ഥാന്‍ തയാറാണ്. ഏതു സാഹചര്യത്തിലും അതിര്‍ത്തിയിലെ ഇന്ത്യന്‍ ആധിപത്യത്തെ പാക്കിസ്ഥാന്‍ അംഗീകരിക്കില്ല. ഇന്ത്യയുടെ ഭാഗത്തുനിന്നും ഏതു വിധത്തിലുള്ള ആക്രമണം ഉണ്ടായാലും പാക്കിസ്ഥാന്‍ തിരിച്ചടിക്കും. കശ്മീര്‍ ജനതയ്ക്കുമേല്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനാണ് അതിര്‍ത്തിയില്‍ ഇന്ത്യ സംഘര്‍ഷമുണ്ടാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗ്രാമീണരെ പാക്കിസ്ഥാന്‍ ഒരിക്കലും ലക്ഷ്യമിട്ടിട്ടില്ല. എന്നാല്‍ ഇന്ത്യ എപ്പോഴും പാക്ക് ഗ്രാമീണരെ ലക്ഷ്യമിട്ട് വെടിയുതിര്‍ക്കുകയാണ്. അയല്‍രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും സര്‍താജ് അസീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY