ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ ചാനലായ റിപ്പബ്ളിക് ടിവിക്കുമെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ് തരൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മെയ് എട്ടിനും പതിമൂന്നിനും ഇടയില്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളാണ് കേസിനാധാരം. അര്‍ണാബിനെ കൂടാതെ റിപ്പബ്ളിക് ചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എആര്‍ജി ഔട്ട്ലയര്‍ മീഡിയയെയും എഎന്‍പിഎല്ലിനേയും എതിര്‍കക്ഷികളാക്കിയാണ് ശശി തരൂര്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ തന്റെ മുന്‍ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഡല്‍ഹി പോലീസ് പൂര്‍ത്തിയാക്കും വരെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.