ചെന്നൈ: അണ്ണാ ഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി ശശികല തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക്. മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഇന്ന് രാജിവച്ചു. മുഖ്യമന്ത്രി പദത്തിലേറുന്നതു മുന്നോടിയായി ശശികലയെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പോയസ് ഗാര്‍ഡനില്‍ ചേര്‍ന്ന അണ്ണാഡിഎംകെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിലാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. താന്‍ സ്ഥാനമൊഴിയുകയാണെന്നും ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയാണെന്നും ഒ.പനീര്‍ശെല്‍വം തന്നെയാണ് യോഗത്തില്‍ പ്രഖ്യാപിച്ചത്. ഇത് യോഗം കയ്യടിയോടെ പാസാക്കുകയായിരുന്നു. യോഗത്തില്‍ ഒ.പനീര്‍സെല്‍വമാണ് ശശികലയുടെ പേര് നിര്‍ദ്ദേശിച്ചത്. യോഗം ചേര്‍ന്ന് 20 മിനിറ്റിനുള്ളില്‍തന്നെ ശശികലയെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. എട്ടിനോ ഒന്‍പതിനോ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ഐക്യകണ്ഠേനയാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത് പനീര്‍സെല്‍വം പറഞ്ഞു. ഇനി നേതാവായി തിരഞ്ഞെടുത്ത രേഖകള്‍ ഗവര്‍ണര്‍ക്ക് കൈമാറുകയും പനീര്‍ശെല്‍വം രാജിവെക്കുകയും ചെയ്യുന്നതോടെ ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും.