ശശികലയുടെ ഭാവി നിശ്ചയിക്കുന്ന കേസില്‍ സുപ്രീംകോടതി വിധി നാളെ വന്നേക്കും

175

ന്യൂഡല്‍ഹി: തമിഴ്നാടിന്റെ ഭാവി നിശ്ചയിക്കുന്ന രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്ന സുപ്രധാന കേസില്‍ സുപ്രീംകോടതി വിധി നാളെ ഉണ്ടായേക്കും. ശശികല പ്രതിയായ അനധികൃത സ്വത്തു സമ്ബാദനക്കേസിലെ വിധി സുപ്രീംകോടതി നാളെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാന്‍ വെമ്ബി നില്‍ക്കുന്ന ശശികലയുടെ ഭാവി നിശ്ചയിക്കുന്നത് ഈ വിധി ആയിരിക്കും. വിധി പ്രതികൂലമായാല്‍ അക്കാര്യം ചൂണ്ടിക്കാട്ടി ശശികലയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുവാദം നിഷേധിക്കാന്‍ ഗവര്‍ണര്‍ക്കാകും. ഇതിനിടെ വിധിവരാന്‍ കാത്തു നില്‍ക്കേണ്ടെന്നും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച്‌ ശശികലയ്ക്കും പനീര്‍ശെല്‍വത്തിനും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്കണമെന്നും അറ്റോര്‍ണി ജനറല്‍ ഗവര്‍ണര്‍ക്കു നിയമോപദേശവും നല്കിയിട്ടുണ്ട്.ശശികല പ്രതിയായ അനധികൃത സ്വത്തു സമ്ബാദനക്കേസില്‍ തിങ്കളാഴ്ച വിധിയുണ്ടാകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഈ കേസ് ഉള്‍പ്പെടുത്തിയിരുന്നില്ല. നാളെ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ജയലളിത, ശശികല, ഇളവരശി, വളര്‍ത്തുമകന്‍ സുധാകരന്‍ എന്നിവരെ കുറ്റവിമുക്തരാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് കാണിച്ച്‌ കര്‍ണാടക സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. കഴിഞ്ഞ ജൂണില്‍ വാദം പൂര്‍ത്തിയായ കേസ് വിധിപറയാനായി മാറ്റിവയ്ക്കുകയായിരുന്നു.
ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരിക്കേ 1991 മുതല്‍ 96 വരെയുള്ള കാലയളവില്‍ 66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്ബാദിച്ചുവെന്നാണ് കേസ്. കേസില്‍ ജയലളിതയെയും കൂട്ടുപ്രതികളെയും വിചാരണകോടതി നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 2014 സെപ്റ്റംബര്‍ 27നായിരുന്നു തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ച വിധി പുറത്തുവന്നത്. ഇതേതുടര്‍ന്ന് ജയലളിതയുടെ നിയമസഭാംഗത്വം അയോഗ്യമാകുകയും മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. വിചാരണ കോടതി വിധി ചോദ്യം ചെയ്ത് ജയലളിത കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ കര്‍ണാടക ഹൈക്കോടതി ജയലളിതയ്ക്കും കൂട്ടുപ്രതികള്‍ക്കുമെതിരായ ശിക്ഷ റദ്ദാക്കി. ഈ വിധി ചോദ്യം ചെയ്താണ് കര്‍ണാടക സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

NO COMMENTS

LEAVE A REPLY