ശശികലയുടെ വിധി ഇന്ന് രാവിലെ 10.30ന്

197

ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്തു സമ്പാദന കേസില്‍ സുപ്രീം കോടതി ഇന്ന് രാവിലെ 10.30ന് വിധി പുറപ്പെടുവിക്കും. ജസ്റ്റിസുമാരായ പിനാകി ചന്ദ്ര ഘോഷ്, അമിതാവ റോയി എന്നിവര്‍ പ്രത്യേകം വിധികള്‍ പുറപ്പെടുവിക്കും.തമിഴക രാഷ്‌ട്രീയത്തില്‍ വിധി ഏറെ നിര്‍ണ്ണായകമാകും.. ജസ്റ്റിസുമാരായ പിനാകി ചന്ദ ഘോഷ്, അമിതവ റോയി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ജയലളിതയും ശശികലയും ഉള്‍പ്പെട്ട അനധികൃത സ്വത്തുസമ്പാദന കേസില്‍ വാദം പൂര്‍ത്തിയാക്കി കഴിഞ്ഞ ജൂണില്‍ വിധി പറയാന്‍ മാറ്റി വച്ചത്. രാവിലെ 10.30ന് ആദ്യ കേസായാണ് രണ്ടു ജഡ്ജിമാരും പ്രത്യേകം വിധികള്‍ നല്കും എന്നാണ് വിവരം. സ്വത്തുസമ്പാദന കേസില്‍ ശിക്ഷ വിധിച്ച വിചാരണ കോടതിയുടെ നടപടി കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് സുപ്രീം കോടതി ശരിവച്ചാല്‍ ശശികലയ്‌ക്ക് നിയമസഭയില്‍ വിശ്വാസവോട്ട് തേടാം. വിചാരണ കോടതിയുടെ തീരുമാനമാണ് സുപ്രീം കോടതിയുടേതെങ്കില്‍ ശശികലയുടെ രാഷ്‌ട്രീയ ഭാവി ഏതാണ്ട് ഇല്ലാതാകും. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല. ജഡ്ജിമാരുടെ വിധി വ്യത്യസ്തമായാല്‍ കേസ് മൂന്നംഗ ബ‍ഞ്ചിലേക്ക് വിടേണ്ടി വരും. ശശികലയ്‌ക്ക് ഇത് താല്‌ക്കാലിക ആശ്വാസമാകാമെങ്കിലും മുഖ്യമന്ത്രിയാകാന്‍ നിയമതടസ്സങ്ങള്‍ക്ക വഴിവയ്‌ക്കാം. കേസ് തുടരുന്നതും ഒരു ജഡ്ജിയുടെ എതിര്‍ വിധിയും ഗവര്‍ണ്ണര്‍ക്ക് ശശികലയെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ കാരണമാക്കാം. എന്തായാലും സുപ്രീം കോടതി വിധി വന്നയുടന്‍ ഗവര്‍ണ്ണറുടെ അടുത്ത നീക്കം വ്യക്തമാകും. ശശികലയുടെ ബന്ധുക്കളായ ഇളവരശി, വി.എന്‍ സുധാകരന്‍ എന്നിവരും കേസില്‍ പ്രതികളാണ്. 1991- 1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നതാണ് കേസ്.

NO COMMENTS

LEAVE A REPLY