ശശികല നടരാജന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

201

ചെന്നൈ : വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്ക് ശശികല ക്യാമ്പിനെ മുഴുവന്‍ ആശങ്കയിലാഴ്ത്തി അണ്ണാ ഡിഎംകെയില്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ ഇടപെടല്‍. തോഴി ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് നിലനില്‍ക്കില്ലെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായത് നിയമപരമായി നിലനില്‍ക്കില്ലെന്നും പനീര്‍ശെല്‍വം വിഭാഗം ചൂണ്ടിക്കാട്ടുന്നു. അണ്ണാ ഡിഎംകെ ഭരണഘടനപ്രകാരം അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രാഥമിക അംഗത്വം ഉള്ളയാള്‍ക്കു മാത്രമേ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയൂ. ഇതിനു വിരുദ്ധമായാണ് ശശികല തല്‍സ്ഥാനത്തെത്തിയത്. ഇതിനെതിരെ മുന്‍ വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും മധുസൂദനനും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് കമ്മീഷന്‍ ശശികലയോട് വിശദീകരണം തേടി. ഈ മാസം 28ന് മുമ്പ് വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശശികലയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടി അംഗീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിസമ്മതിച്ചാല്‍ എഐഎഡിഎംകെയുടെ ഔദ്യോഗിക നിയന്ത്രണം പിടിച്ചെടുക്കാനുള്ള വഴി പനീര്‍ശെല്‍വം പക്ഷത്തിന് തെളിയും.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം വിശ്വാസവോട്ടെടുപ്പിനെ ബാധിക്കില്ലെന്ന് ശശികല വിഭാഗം വാദിക്കുന്നുണ്ടെങ്കിലും, ശശികലയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി പാര്‍ട്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ഭാവിയെന്താകുമെന്ന ആശങ്ക എംഎല്‍എമാരില്‍ സൃഷ്ടിക്കാന്‍ അത് ഇടയാക്കും. ഇതാണ് ശശികല ക്യാമ്പിലെ നേതാക്കളെ കുഴക്കുന്നത്. അതുകൊണ്ടു തന്നെ എംഎല്‍എമാരെ ഉറപ്പിച്ച് നിര്‍ത്താന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും സംഘവും തീവ്രശ്രമത്തിലാണ്. നേരിയ ചാഞ്ചാട്ടം പോലും വിശ്വാസ വോട്ട് പരാജയപ്പെടുത്താന്‍ ഇടയാക്കും. നിലവിലെ സാഹചര്യത്തില്‍ പനീര്‍ശെല്‍വം വിഭാഗവും പ്രതീക്ഷയിലാണ്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എ.ഐ.ഡി.എം.കെ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. വിപ്പ് ലംഘിച്ച് വോട്ടുചെയ്യാനാണ് പനീര്‍ശെല്‍വം പക്ഷത്തിന്റെ തീരുമാനം. മൈലാപ്പുര്‍ എം.എല്‍.എ എം നടരാജന്‍ പനീര്‍ശെല്‍വം പക്ഷത്ത് ചേരുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പില്‍ അദ്ദേഹം പളനിസാമിക്ക് അനുകൂലമായി വോട്ടുചെയ്യില്ലെന്നാണ് സൂചന. അതിനിടെ, അമ്മയുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുവേണം നാളെ വിശ്വാസ വോട്ട് ചെയ്യാനെന്ന് ഒ.പനീര്‍ശെല്‍വം പറഞ്ഞു. തമിഴ് രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച കടന്നുവരാതിരിക്കാനാണ് തന്റെ അവസാന ശ്വാസം വരെ അമ്മ ശ്രമച്ചിരുന്നത്. ചിന്തിച്ചുവേണം നാളെ വോട്ട് ചെയ്യാന്‍. ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി വോട്ട് ചെയ്യരുതെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. ആകെയുള്ള 234 സീറ്റുകളില്‍ എഐഡിഎംകെയ്ക്ക് 135 എംഎല്‍എമാരാണുള്ളത്. ഇതില്‍ 123 പേര്‍ ശശികലയോടൊപ്പവും 11 പേര്‍ പനീര്‍ശെല്‍വത്തോടൊപ്പവുമാണുള്ളത്. ഡിഎംകെയ്ക്ക് 89, കോണ്‍ഗ്രസിന് 8, ഐയുഎംഎലിന് ഒന്ന് എന്നിങ്ങനെയാണ് ബാക്കി എംഎല്‍എമാര്‍. ജയലളിതയുടെ മരണത്തോടെ ആര്‍.കെ നഗര്‍ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 117 സീറ്റുകളാണ് ഭൂരിപക്ഷം നേടാന്‍ വേണ്ടത്.

NO COMMENTS

LEAVE A REPLY