ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തിരഞ്ഞെടുത്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. പാര്‍ട്ടി മുന്‍ എം.പിയായിരുന്ന കെ.സി പളനിസാമിയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ശശികലയെ ജനറല്‍ സെക്രട്ടറിയായി തിഞ്ഞെടുത്തത് പാര്‍ട്ടി ചട്ടങ്ങള്‍ ലംഘിച്ചായിരുന്നുവെന്നും അതിനാല്‍ നടപടി റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ടിങ് ചീഫ് ജസ്റ്റിസ് ഹുലുവാഡി ജി രമേഷ്, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ ഇതിനെ എങ്ങനെയാണ് പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കുക എന്ന് കോടതി ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ പരാതിക്കാരന്‍ തയ്യാറാണോ അതോ ഇത് തള്ളിയതായി ഉത്തരവിടണോ എന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുന്നതായി പളനിസാമിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.
ശശികലയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വവും തമ്മിലുള്ള അധികാര തര്‍ക്കം രൂക്ഷമായി നിന്ന സമയത്താണ് ശശികലയുടെ സ്ഥാനാരോഹണത്തിനെതിരെ പളനിസാമി ഹര്‍ജിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഡിസംബര്‍ 29ന് ശശികലയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് പാര്‍ട്ടി നിയമാവലി ലംഘിച്ചാണെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചത്. ഡിസംബര്‍ അഞ്ചിന് ജയലളിത അന്തിരിച്ചതിനെ തുടര്‍ന്നാണ് എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ ശശികലയെ തിരഞ്ഞെടുത്തത്.