ബംഗളുരു : അനധികൃത സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയെ തമിഴ്‌നാട് മന്ത്രിമാര്‍ സന്ദര്‍ശിച്ചു. ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് മന്ത്രിമാര്‍ ശശികലയെ കണ്ടത്. സെങ്കോട്ടെയന്‍, ഡിണ്ടിഗല്‍ ശ്രീനിവാസന്‍, കാമരാജ്, സെല്ലൂര്‍ രാജു എന്നിവരടക്കമുള്ള മന്ത്രിമാരാണ് ശശികലയെ ജയിലിലെത്തി കണ്ടത്. വൈകുന്നേരം മുന്ന് മണിയോടെയാണ് മന്ത്രിമാര്‍ ജയിലിലെത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു നിന്നു. പളനിസ്വാമി മന്ത്രിസഭ അധികാരമേറ്റതിന് ശേഷം ഇത് ആദ്യമായാണ് തമിഴ്‌നാട് മന്ത്രിമാര്‍ ശശികലയുമായി കൂടിക്കാഴ്ചയ്ക്ക് എത്തുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ മന്ത്രിമാര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
അനധികൃത സ്വത്ത് കേസില്‍ വിചാരണ കോടതി വിധി സുപ്രീം കോടതി ശരിവച്ചതിനെ തുടര്‍ന്ന് ഈ മാസം 15നാണ് ശശികല ജയിലില്‍ കീഴടങ്ങിയത്. 9324-ാം നമ്പര്‍ തടവുകാരിയായ ശശികല തന്റെ ബന്ധുവായ ഇളവരശിക്കൊപ്പം ഒരു സെല്ലിലാണ് കഴിയുന്നത്.