ചെന്നൈ: പനീര്‍സെല്‍വം പുറത്ത് വിട്ട ക്ഷമാപണ കത്ത് താന്‍ എഴുതിയതല്ലെന്ന് വി.കെ ശശികല. പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിന് ജയലളിതയ്ക്ക് നല്‍കിയ ക്ഷമാപണ കത്തില്‍ താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശശികല വെളിപ്പെടുത്തിയിരുന്നു. ഈ കത്ത് കഴിഞ്ഞ ദിവസം പനീര്‍സെല്‍വം പുറത്ത് വിട്ടിരുന്നു. എന്നാല്‍ പുറത്ത് വന്ന കത്ത് താന്‍ എഴുതിയതല്ലെന്നാണ് ശശികലയുടെ വാദം.
സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് ഇഷ്ടമില്ലാത്ത ചിലര്‍ ഇപ്പോഴുമുണ്ട്. തനിക്കെതിരായി കത്ത് പ്രചരിപ്പിക്കുന്നത് ഇതിന്റെ തെളിവാണ്. പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ പുതിയതല്ല. പാര്‍ട്ടിയെ പിളര്‍ത്താന്‍ നേരത്തെയും ശ്രമം നടന്നിട്ടുണ്ട്.
സ്ത്രീയെന്ന നിലയില്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നത് പ്രയാസകരമാണ്. അമ്മയ്ക്കൊപ്പം നിന്ന് താന്‍ ഇക്കാര്യം അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണെന്നും ശശികല പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അവര്‍.
അതിനിടെ കൂടുതല്‍ എം.എല്‍.എമാര്‍ മറുപക്ഷത്തേക്ക് കൂറുമാറുന്ന സാഹചര്യത്തില്‍ ശശികല വീണ്ടും കുവത്തുരിലേക്ക് പോയി. വൈകിട്ട് നാലരയോടെയാണ് അവര്‍ കൂവത്തൂരിലേക്ക് പുറപ്പെട്ടത്. പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാര്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് വീണ്ടും കൂവത്തൂരിലേക്ക് പോകുന്നത്. ശശികലയ്ക്ക് 127 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് മന്ത്രി മണിയന്‍ അവകാശപ്പെട്ടു. ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.