ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കറുമായി എം തമ്പിദുരൈ. പാര്‍ട്ടിയെയും സര്‍ക്കാരിനെയും രണ്ടു പേര്‍ നയിയ്‌ക്കുന്നത് ആശയക്കുഴപ്പങ്ങള്‍ക്കും അഭിപ്രായഭിന്നതകള്‍ക്കും വഴിവെക്കുമെന്നും തമ്പി ദുരൈ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ജനുവരി 14 ന് പൊങ്കല്‍ കഴിഞ്ഞാലുടന്‍ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് പ്രചാരണയോഗങ്ങള്‍ സംഘടിപ്പിയ്‌ക്കാനൊരുങ്ങുകയാണ് ശശികല.
ഇതാദ്യമായാണ് അണ്ണാഡിഎംകെയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാള്‍ ശശികലയോട് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് രംഗത്തുവരുന്നത്. റവന്യൂ മന്ത്രി ഉദയകുമാറും പാര്‍ട്ടി വക്താവ് സി പൊന്നയ്യനും ഇക്കാര്യം മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ പാസ്സാക്കിയ പ്രമേയത്തില്‍ മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് പരാമര്‍ശങ്ങളൊന്നുമുണ്ടായിരുന്നില്ല. അനധികൃതസ്വത്ത് സമ്പാദനക്കേസിലെ വിധി വരാനിരിയ്‌ക്കുന്നതിനാല്‍ മുഖ്യമന്ത്രി സ്ഥാനം ശശികല ധൃതിപിടിച്ച് ഏറ്റെടുക്കാനിടയില്ലെന്നായിരുന്നു വിലയിരുത്തല്‍.
പാര്‍ട്ടിയും സര്‍ക്കാരും രണ്ട് പേര്‍ നിയന്ത്രിയ്‌ക്കുന്നത് ആശയക്കുഴപ്പങ്ങള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കും ഇടയാക്കുമെന്നാണ് ചരിത്രം തെളിയിച്ചിട്ടുള്ളതെന്നും ജനങ്ങള്‍ക്കായി ജയലളിത ബാക്കിവെച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒരാള്‍ നയിയ്‌ക്കണമെന്നും തമ്പിദുരൈ ആവശ്യപ്പെടുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിയ്‌ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ ശശികലയ്‌ക്കേ കഴിയൂ എന്നും തമ്പിദുരൈ പറയുന്നു.
അതേസമയം, പാര്‍ട്ടി പരസ്യങ്ങളിലോ വാര്‍ത്താക്കുറിപ്പുകളിലോ അണ്ണാ ഡിഎംകെ പനീര്‍ശെല്‍വത്തിന്റെ പേര് പരാമര്‍ശിയ്‌ക്കുന്നതു പോലുമില്ലെന്നതാണ് ശ്രദ്ധേയം. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് സ്വാഗതം ചെയ്തുകൊണ്ട് പനീര്‍ശെല്‍വം തന്നെ പുറത്തിറക്കിയ പത്രപരസ്യത്തില്‍ സ്വയം വിശേഷിപ്പിച്ചിരിയ്‌ക്കുന്നത് പാര്‍ട്ടി ട്രഷറര്‍ എന്നുമാണ്.