ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കപ്പെട്ട എം.പി. ശശികല പുഷ്പ സുപ്രീംകോടതിയെ സമീപിച്ചു. സി.ബി.ഐ. അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജി. ജയലളിതയുടെ മെഡിക്കല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല എന്നും മരണം ദുരൂഹമാണെന്നും രാജ്യസഭാ അംഗമായ ശശികലയുടെ പരാതിയില്‍ ആരോപിക്കുന്നു. ആരേയും ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ല. മൃതദേഹത്തില്‍ എംബാം ചെയ്തതിന്റെ അടയാളങ്ങള്‍ വ്യക്തമായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് മുദ്രവെച്ച കവറിലാക്കി കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും അപ്പോളോ ആശുപത്രിയോടും ആവശ്യപ്പെടണമെന്നും ശശികലയുടെ ഹര്‍ജിയില്‍ പറയുന്നു.