പാലക്കാട്: എഴുത്തുകാരനോട് എന്തെഴുതണമെന്ന് ആരും പറയേണ്ടെന്ന് കവി സച്ചിദാനന്ദന്‍. പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍ നടന്ന കവിതയുടെ കാര്‍ണിവലിലാണ് സച്ചിദാനന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തോട് കൂറുപുലര്‍ത്തണമെന്നും കവിയോട് പറയേണ്ടതില്ലെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. എംഎ ബേബി ചടങ്ങില്‍ കടമ്മനിട്ട രാമകൃഷ്ണന്റെ ‘ക്യാ’ എന്ന കവിത അവതരിപ്പിച്ചു.
ഏതു കാലത്തെയും ജൈവ ആവിഷ്‌കാരമാണ് കവിതയെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. ദുര്‍നീതികളെയും ദുരാധിപത്യത്തെയും നീതി ലംഘനങ്ങളയും എല്ലാക്കാലത്തും എഴുത്തുകളിലൂടെ ചോദ്യം ചെയ്തിട്ടുള്ളവരാണ് എഴുത്തുകാരും കലാകാരന്‍മാരും. മലയാളത്തില്‍ ആഘോഷിക്കപ്പെട്ട കവികള്‍ നീതിബോധത്തെയും സൗന്ദര്യബോധത്തെയും ഒരേസമയം ആവിഷ്‌കരിച്ചവരാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഗുജറാത്ത് കലാപത്തിന്റെ നാളുകളെ ഓര്‍മ്മിപ്പിക്കുന്ന കടമ്മനിട്ട രാമകൃഷ്ണന്റെ ‘ക്യാ’ എന്ന കവിതയാണ് എം.എ ബേബി ചൊല്ലിയത്. മനോജ് കുറൂര്‍, ജി ദിലീപന്‍, ഡോ. ഉദയകുമാര്‍, പ്രൊഫ. വി മധുസൂദനന്‍നായര്‍ ്എന്നിവര്‍ പ്രഭാഷണം നടത്തി.
ശൈലന്റെ വേട്ടൈക്കാരന്‍, ശൈലന്റെ കവിതകള്‍ എന്നീ പുസ്തകങ്ങള്‍ കെ ജി ശങ്കരപ്പിള്ള പ്രകാശനം ചെയതു. സെബാസ്റ്റ്യന്‍, സുബൈദ എന്നിവര്‍ ഏറ്റുവാങ്ങി. പി രാമന്‍, കുഴൂല്‍ വില്‍സണ്‍ എന്നിവര്‍ കവിതാ അവതരണം നടത്തി.
നാളെ (ശനി) കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ ഹിന്ദി കവി മംഗലേഷ് ദെബ്രാള്‍ അതിഥിയായെത്തും. റോഷ്‌നി സ്വപ്‌ന, മുരളീ കൃഷ്ണന്‍, ബാബു രാമചന്ദ്രന്‍ എന്നിവര്‍ ദെബ്രാളിന്റെ കവിതകള്‍ പരിഭാഷപ്പെടുത്തും. കവിയോടൊപ്പം പരിപാടിയില്‍ കെ ജി ശങ്കരപ്പിള്ള പങ്കെടുക്കും. കെ സി നാരായണന്‍ പ്രഭാഷണം നടത്തും. കവിതയുടെ ആവിഷ്‌കാര രൂപങ്ങളെക്കുറിച്ചുള്ള ദേശീയ സെമിനാറില്‍ സി ജെ ജോര്‍ജ്, എ വി സന്തോഷ് കുമാര്‍, ബിജു കാഞ്ഞങ്ങാട്, എല്‍ തോമസ്‌കുട്ടി, കുഴൂര്‍ വില്‍സണ്‍, സുധീഷ് കോട്ടേമ്പ്രം, കവിത ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി ഏഴിന് ദീരാബായി നാടകത്തിന്റെ രംഗാവിഷ്‌കാരവും വിനീത നെടുങ്ങാടി അവതരിപ്പിക്കുന്ന മോഹിനിയാട്ടവും ഹലി ആലങ്കോടിന്റെ സന്തൂര്‍വാദനവും നടക്കും.
സുനില്‍ പി ഇളയിടം, പി പവിത്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. റിയാസ് കോമുവും അന്‍വര്‍ അലിയും തമ്മിലുള്ള സംഭാഷണം. കെ എ ജയശീലന്‍, എന്‍ ജി ഉണ്ണികൃഷ്ണന്‍, സച്ചിദാനന്ദന്‍ പുഴങ്കര, നിരഞ്ജന്‍ എന്നിവര്‍ പങ്കെടുക്കുന്ന കവി സംവാദം എന്നിവയുമുണ്ടാവും. സോഷ്യല്‍ മീഡിയയിലെ കവിതാ വ്യവഹാരങ്ങളെക്കുറിച്ച സംവാദം, ഒരു ദേശം കവിത ചൊല്ലുന്നു എന്നീ പരിപാടികളും നാളെ നടക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന കാര്‍ണിവല്‍ 29ന് സമാപിക്കും.