രാജ്യത്തെ അനധികൃത ഖനനം കണ്ടെത്താന്‍ ഉപഗ്രഹ നിരീക്ഷണ സംവിധാനവുമായി ദേശീയ ഖനി മന്ത്രാലയം

312

ന്യൂഡല്‍ഹി • രാജ്യത്തെ അനധികൃത ഖനനം കണ്ടെത്താന്‍ ഉപഗ്രഹ നിരീക്ഷണ സംവിധാനവുമായി ദേശീയ ഖനി മന്ത്രാലയം. മൈനിങ് സര്‍വെയ്ലന്‍സ് സിസ്റ്റം (എംഎസ്‌എസ്) കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ ധാതു സമ്ബത്ത്, സുസ്ഥിരമായി കൈകാര്യം ചെയ്യാന്‍ എംഎസ്‌എസ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലൈസന്‍സ് ലഭിച്ച മേഖലയ്ക്കു പുറത്ത് ഖനനം നടന്നാല്‍ എംഎസ്‌എസ് മുന്നറിയിപ്പു നല്‍കും. ഖനനത്തില്‍ ആസൂത്രിത വികസനം ഉറപ്പു വരുത്താനും തൊഴിലാളികളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കാനും ഉപഗ്രഹ സാങ്കേതിക വിദ്യ സഹായിക്കും. ഓട്ടമാറ്റിക് റിമോട്ട് സെന്‍സിങ് ഡിറ്റക്ഷന്‍ ടെക്നോളജിയാണ് എംഎസ്‌എസ് ഉപയോഗിക്കുന്നത്.ഖനി മന്ത്രാലയത്തിലെ ബ്യൂറോ ഓഫ് മൈന്‍സ് ആണ് എംഎസ്‌എസ് വികസിപ്പിച്ചത്. ഗാന്ധിനഗറിലെ ഭാസ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ആപ്ലിക്കേഷന്‍ ആന്‍ഡ് ജിയോ ഇന്‍ഫൊര്‍മാറ്റിക്സ്, ഇലക്‌ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ.ഖനന മേഖലകളുടെ മാപ്പുകള്‍ എംഎസ്‌എസില്‍ ഉള്‍പ്പെടുത്തും. ഇവ ആധുനിക ഉപഗ്രഹ ചിത്രങ്ങളുമായി സന്നിവേശിപ്പിക്കും. കാര്‍ട്ടോ സാറ്റ്, യുഎസ്ജിഎസ് എന്നിവയുടെ സഹകരണത്തോടെയാണിത്. നിലവില്‍ ഖനനാനുമതിയുള്ള പ്രദേശത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ വരെ ഉപഗ്രഹ നിരീക്ഷണമുണ്ടാകും. അനധികൃത ഖനനം ശ്രദ്ധയില്‍പ്പെട്ടാല്‍ എംഎസ്‌എസ് മുന്നറിയിപ്പ് നല്‍കും. ഈ മുന്നറിയിപ്പ് റിമോട്ട് സെന്‍സിങ് കണ്‍ട്രോള്‍ സെന്ററില്‍ വിശകലനം ചെയ്തശേഷം അതതു ജില്ലാ അധികൃതരെ വിവരമറിയിക്കും.

NO COMMENTS

LEAVE A REPLY