റിയാദ്: സൗദി മന്ത്രിസഭ പാസാക്കിയ വിസാ ഫീസ് വര്‍ധനവിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഒരാഴ്ചക്കകം വ്യക്തമാക്കുമെന്ന് ജവാസാത് മേധാവി കേണല്‍ സുലൈമാന്‍ അല്‍യഹ്‌യീ വ്യക്തമാക്കി. പുതിയ വീസാ ഫീസ് വർദ്ധനവിലൂടെ വര്‍ഷത്തില്‍ ചുരുങ്ങിയത് 30 ബില്ല്യന്‍ റിയാലിന്‍റെ വരുമാനം രാജ്യത്തിനുണ്ടാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം
മന്ത്രിസഭ പാസാക്കിയ വിസാ ഫീസ് വര്‍ധനവിനെക്കുറിച്ചു ജനങ്ങളിൽ അവ്യക്തത നില നില്‍ക്കുന്നതിനാലാണ് ജവാസാത് മേധാവിയുടെ ഈ വിശദീകരണം. ഒരു തവണ രാജ്യത്തു പ്രവേശിക്കുന്നതിനു 2000 റിയാലും, രണ്ടു മാസ കാലാവധിയുള്ള റീ-എൻട്രി വിസയ്ക്ക് 200 റിയാലുമാണ് പുതിയ നിരക്ക്. രണ്ടു മാസ കാലാവധിയുള്ള റീ-എൻട്രി വിസയ്ക്ക് പിന്നീടുള്ള ഓരോ മാസത്തേക്കും 100 റിയാലുവീതം നൽകണം.
ഹജ്ജ് ഉംറാ വിസ തുടങ്ങിയ എല്ലാ എൻട്രി വിസകൾക്കും 2000 റിയാൽ വീതം ഫീസ് ഈടാക്കാനാണ് മന്ത്രിസഭാ തീരുമാനം. എന്നാൽ ആദ്യമായി ഹജ്ജും ഉംറയും നിർവഹിക്കുന്നവർക്കു മാത്രം വിസ ഫീസിൽ ഇളവ് നൽകും.മൾട്ടിപ്പിൾ എക്സിറ്റ് റീ-എൻട്രി വിസ ഉൾപ്പെടെയുള്ളതിന്റെ ഫീസുകളിലും മന്ത്രിസഭ വർദ്ധനവ് വരുത്തിയിരുന്നു.
തൊഴില്‍ വിസയുള്‍പ്പടെ എല്ലാത്തരം വിസകള്‍ക്കും മന്ത്രിസഭാ തീരുമാനം ബാധകമാണെന്നായിരുന്നു വിദേശ മന്ത്രാലയം വ്യക്തമാക്കിയത്. അതേസമയം വീസാ ഫീസ് വർദ്ധനവിലൂടെ വര്‍ഷത്തില്‍ ചുരുങ്ങിയത് 30 ബില്ല്യന്‍ റിയാലിന്‍റെ വരുമാനം രാജ്യത്തിനുണ്ടാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.