സൗദിയില്‍ ഹജ്ജ് -ഉംറ തീര്‍ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്നു

162

ജിദ്ദ: സൗദിയില്‍ ഹജ്ജ് -ഉംറ തീര്‍ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കാന്‍ നീക്കം. ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും ഇത് ബാധകമായിരിക്കും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഹജജ് ഉംറ തീര്‍ഥാടനങ്ങള്‍ക്ക് വീണ്ടും ചെലവേറും ഹജ്ജ്-ഉംറ കര്‍മങ്ങള്‍ക്കായി വിദേശ തീര്‍ഥാടകര്‍ സൗദിയില്‍ എത്തുമ്പോള്‍ മതിയായ ആരോഗ്യ പരിരക്ഷയും ചികിത്സയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ദി കൌണ്‍സില്‍ ഓഫ് കോപ്പറെറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇത് സംബന്ധമായ പഠനം നടത്തി വരികയാണെന്ന് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ്‌ അല്‍ ഹുസൈന്‍ പറഞ്ഞു. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ നിലവിലുള്ള ചെലവിനു പുറമേ തീര്‍ഥാടകര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കൂടി അടയ്ക്കേണ്ടി വരും. നിലവില്‍ തീര്‍ഥാടകര്‍ക്ക് സദി സര്‍ക്കാറിന്റെയും ഓരോ രാജ്യങ്ങളുടെയും ഹജ്ജ് മിഷനുകളുടെയും ചെലവില്‍ ചികിത്സ ലഭിക്കുന്നുണ്ട്. രാജ്യത്തെ പൌരന്മാര്‍ക്കും തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഹജ്ജ് ഉംറ തീര്‍ഥാടകരെയും നയതന്ത്ര പ്രതിനിധികളെയും രാജ്യത്തിന്റെ അതിഥികളായി സൗദിയില്‍ എത്തുന്നവരെയും ഈ പരിധിയില്‍ നിന്ന് സൗദി മന്ത്രിസഭ നേരത്തെ ഒഴിവാക്കിയിരുന്നു. ഈ വര്‍ഷം ആദ്യത്തില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരുന്നു. ഇന്ത്യ, പാകിസ്താന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഈ വര്‍ഷാവസാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ നിയമപ്രകാരം ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകും. തീര്‍ഥാടകര്‍ സൗദിയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കണം. ഇന്‍ഷുറന്‍സ് കമ്പനിയെ തെരഞ്ഞെടുക്കാന്‍ വിദേശ കാര്യമാന്ത്രാലയാത്തിന്റെ വെബ്സൈറ്റില്‍ സൗകര്യമുണ്ടാകും. താല്‍പര്യമുള്ള ഇന്‍ഷുറന്‍സ് പാക്കേജുകള്‍ തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ വഴി തന്നെ പ്രീമിയം അടയ്ക്കാനും സൗകര്യമുണ്ടാകും.

NO COMMENTS

LEAVE A REPLY