ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് സഞ്ചരിച്ചതിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന്, സോഷ്യല്‍ മീഡിയയില്‍ നിന്ന് വധഭീഷണി നേരിടേണ്ടി വന്ന സൗദി അറേബ്യന്‍ യുവതി അറസ്റ്റില്‍. ശിരോവസ്ത്രം ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട കുറ്റത്തിനാണ് മലാക് അല്‍ ഷെഹ്രി എന്ന യുവതി അറസ്റ്റിലായത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ശിരോവസ്ത്രം ധരിക്കാതെയുള്ള തന്റെ ചിത്രം യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍നിന്ന് നിരവധി ഭീഷണികളാണ് മലാക്കിനു നേരെ ഉയര്‍ന്നത്. കൊല്ലണമെന്നും മൃതദേഹം നായകള്‍ക്ക് എറിഞ്ഞുകൊടുക്കണമെന്നു വരെ ആവശ്യപ്പെടുന്ന ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
സംഭവം വിവാദമായതോടെ മലാക് അക്കൗണ്ടില്‍നിന്ന് ഫോട്ടോ നീക്കം ചെയ്തിരുന്നു. എന്നാല്‍ സ്ക്രീന്‍ ഷോട്ടുകളായി വീണ്ടും ഇത് പ്രചരിക്കപ്പെടുകയായിരുന്നു. യാഥാസ്ഥിതികവാദികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നെങ്കിലും മലാക്കിന്റെ ധൈര്യത്തെ അനുകൂലിക്കുന്നവരും ഉണ്ടായിരുന്നു. അറബി ഭാഷാപത്രമായ അല്‍ ഷര്‍ഖ് ന്യൂസാണ് മലാക്കിന്‍റെ അറസ്റ്റിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ചാട്ടവാറടിയാകും മലാക്കിന് ശിക്ഷയായി ലഭിക്കുക. പൊതുസ്ഥലത്തെ സ്ത്രീകളുടെ വസ്ത്രധാരണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് സൗദി അറേബ്യ.