അമേരിക്കയിലുള്ള സൗദികള്‍ ജാഗ്രത പാലിക്കണമെന്ന് സൗദി എംബസി

196

റിയാദ്: അമേരിക്കയിലുള്ള സൗദികള്‍ ജാഗ്രത പാലിക്കണമെന്നും അമേരിക്കന്‍ വിരുദ്ധ സമീപനം സ്വീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സൗദി എംബസിയുടെ നിര്‍ദേശം. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും തമ്മില്‍ കഴിഞ്ഞ ദിവസം ടെലിഫോണിലൂടെ ചര്‍ച്ച നടത്തി. മുസ്ലിം ഭൂരിപക്ഷമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സൗദികള്‍ ജാഗ്രത പാലിക്കാനുള്ള നിര്‍ദേശം. വിലക്കുള്ള രാജ്യങ്ങളില്‍ സൗദി ഉള്‍പ്പെടില്ലെങ്കിലും പ്രശ്‌നങ്ങളില്‍ പെടാതിരിക്കാന്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന സൌദികളും സൗദി വിദ്യാര്‍ഥികളും ശ്രദ്ധിക്കണമെന്ന് അമേരിക്കയിലെ സൗദി എംബസിയിലെ കള്‍ച്ചറല്‍ അറ്റാഷെ മുഹമ്മദ്അല്‍ഈസ നിര്‍ദേശിച്ചു.

അമേരിക്കയിലുള്ള സൗദികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അമേരിക്കയിലെ സൗദി വിദ്യാര്‍ഥികളുടെ കൂട്ടായ്മയുടെ പ്രതിനിധി മുഹമ്മദ് ബക്കീലിന്റെ സന്ദേശത്തില്‍ നിരോധിക്കപ്പെട്ട എന്തെങ്കിലും തങ്ങളുടെ മൊബൈല്‍ഫോണിലോ, കംപ്യൂട്ടറിലോ, ടാബ്ലറ്റിലോ ഉണ്ടെങ്കില്‍ അവ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയമത വിഷയങ്ങളില്‍പ്രതികരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭീകരവാദ ഗ്രൂപ്പുകളുടെയോ വ്യക്തികളുടെയോ സോഷ്യല്‍മീഡിയ അക്കൌണ്ടുകള്‍ ഫോളോ ചെയ്തിട്ടുണ്ടെങ്കില്‍പെട്ടെന്ന് അത് ഒഴിവാക്കണം. അമേരിക്കന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. അമേരിക്കന്‍ നിയമ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. താമസസ്ഥലമോ മറ്റോ പരിശോധിക്കാന്‍ വരുന്നവര്‍ അതിനര്‍ഹാരായ ഉദ്യോഗസ്ഥര്‍ തന്നെയാണോ എന്ന് വാറണ്ടോ തിരിച്ചറിയല്‍ രേഖകളോ ചോദിച്ച് ഉറപ്പ് വരുത്തണമെന്നും നിര്‍ദേശമുണ്ട്. എന്ത് പ്രശ്‌നമുണ്ടെങ്കിലും അമേരിക്കയിലെ സൗദി നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണം. നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിലോ, കോടതികളില്‍ നിശ്ചിത സമയത്ത് ഹാജരാകുന്നതിലോ ഒരു വിധത്തിലും വീഴയുണ്ടാകാന്‍ പാടില്ലെന്നും എംബസി പ്രതിനിധി നിര്‍ദേശിച്ചു.

അതേസമയം അമേരിക്കന്‍പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സൗദി ഭരണാധികാരി സല്‍മാന്‍രാജാവും തമ്മില്‍കഴിഞ്ഞ ദിവസം ടെലിഫോണ്‍സംഭാഷണം നടത്തി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകരിക്കുന്നതിനെ കുറിച്ചും, സുരക്ഷാകാര്യങ്ങളിലും വ്യാപാര മേഖലയിലുമുള്ള സഹകരണത്തെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. സൗദി സന്ദര്‍ശിക്കാന്‍ ട്രംപിനെ സല്‍മാന്‍ രാജാവ് ക്ഷണിക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY