ഖത്തറിലെ അല്‍ഖ്വയ്ദ ബന്ധമുള്ള പ്രമുഖരുടെ ലിസ്റ്റ് സൗദിഅറേബ്യ പുറത്തുവിട്ടു

251

ദുബായ്: അല്‍ഖ്വയ്ദയെ സഹായിക്കുന്ന ഖത്തറിലെ പ്രമുഖരുടെ പട്ടിക പുറത്തുവിട്ട് സൗദി അറേബ്യ. പല രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കാന്‍ കാരണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ കൂട്ടുനില്‍ക്കുന്നതാണ്. ഇപ്പോള്‍ ഖത്തറിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സൗദി പുറത്തുവിട്ടത്. ഖത്തര്‍ ബന്ധമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയാണ് പുറത്തുവിട്ടത്. മുസ്ലീംബ്രദര്‍ഹുഡ് നേതാവ് യൂസഫ് അല്‍ ഗര്‍ദാവി ഉള്‍പ്പടെ അന്‍പതോളം പേരാണ് പട്ടികയിലുള്ളത്. കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ ഖത്തര്‍ വിഷയത്തില്‍ അനുരജ്ഞന ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഖത്തര്‍ ബന്ധമുള്ളവരുടെ പട്ടിക സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്.

സൗദിയെ കൂടാതെ യുഎഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ സംയുക്തമായാണ് പട്ടിക പുറത്തുവിടുന്നത്. തീവ്രവാദ ബന്ധമുള്ള 59 വ്യക്തികളുടെ പേരുവിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഖത്തറിലെ പ്രമുഖ സന്നദ്ധ സംഘടനകളുടെ പേരും പട്ടികയിലുണ്ട്. പന്ത്രണ്ട് സ്ഥാപനങ്ങള്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നും പട്ടികയില്‍ പറയുന്നു. ഖത്തറില്‍ നിന്നും തീവ്രവാദത്തിന് പണവും മറ്റും നല്‍കുന്നവരാണ് ഇവര്‍. ഇതില്‍ മുപ്പത്തിയൊമ്പത് വ്യക്തികളും ആറ് സ്ഥാപനങ്ങളും അല്‍ഖ്വയ്ദയ്ക്കോ അല്‍ഖ്വയ്ദയുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കോ സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി അല്‍ഖ്വയ്ദയ്ക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഖത്തറിലുണ്ട്. പ്രമുഖ വ്യവസായികള്‍, മുന്‍ ആഭ്യന്തരമന്ത്രി അടക്കമുള്ള രാജകുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും.

NO COMMENTS