റിയാദ് : സൗദിയില്‍ മൂന്നര പതിറ്റാണ്ടിനുശേഷം ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കും. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തീയറ്ററിലാണ് പ്രദര്‍ശനം. തീയറ്ററിലിരുന്നു സിനിമ കാണാന്‍ പോകുന്നതിന്‍റെ ആവേശത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍. ബ്ലാക്ക് പാന്തര്‍ എന്ന അമേരിക്കന്‍ സിനിമയാണ് ഇന്ന് എ.എം.സി തീയറ്ററില്‍ ആദ്യ പ്രര്‍ശനത്തിനു എത്തുന്നത്. 620 സീറ്റുകളുള്ള തീയറ്ററില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. എന്നാല്‍ തീയറ്ററില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടില്ല. നികുതിയടക്കം അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്. രാജ്യത്തെ രണ്ടാമത്തെ തീയറ്റര്‍ ജിദ്ദയിലാണ് തുറക്കുന്നത്. അഞ്ചു വര്‍ഷംകൊണ്ട് രാജ്യത്ത് 40 തീയറ്ററുകള്‍ തുറക്കാനാണ് പദ്ധതി. വരും വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര തലത്തിലുള്ള പല സിനിമാ പ്രദര്‍ശനങ്ങളും ഇനി സൗദിയില്‍ അരങ്ങേറുമെന്നാണ് വിലയിരുത്തല്‍.