സൗദി രാജാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റുമരിച്ചു

122

റിയാദ്: സുഹൃത്തിന്റെ വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ ശനിയാഴ്ച വൈകീട്ടോടെയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സ്വകാര്യ അംഗരക്ഷകന്‍ ജനറല്‍ അബ്ദുള്‍ അസീസ് അല്‍-ഫഖാം വെടിയേറ്റുമരിച്ചത് . ജിദ്ദയുടെ പടിഞ്ഞാറന്‍ നഗരത്തിലാണ് സംഭവമെന്ന് പോലീസിനെ ഉദ്ധരിച്ച്‌ സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സല്‍മാന്‍ രാജാവിനൊപ്പം സദാസമയവും കാണാറുള്ള ഫഖാം ശനിയാഴ്ച ജിദ്ദയിലെ സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ ഹഖാമിന്‍റെ പരിചയക്കാരനായ മംദൂഹ് അല്‍ അലി വീട്ടിലേക്ക് വന്നു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഉടന്‍ വീടുവിട്ട് പുറത്തുപോയ അലി തോക്കുമായി തിരിച്ചുവന്ന് ഫഖാമിനുനേരെ വെടിയുതിര്‍ത്തു. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഫിലിപ്പീന്‍ സ്വദേശിയായ ജോലിക്കാരനും വീട്ടുടമസ്ഥന്റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.

വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. വെടിവെച്ച മംദൂഹ് അല്‍ അലി കീഴടങ്ങാന്‍ തയ്യാറാകാതിരുന്നതോടെ യുണ്ടായ ഏറ്റുമുട്ടലില്‍ ഇയാളെയും വധിച്ചു. ഫഖാം ആശുപത്രിയിലാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൗദി രാജാവിന്റെ ‘കാവല്‍ മാലാഖ’യുടെ കൊലയില്‍ ഞെട്ടലറിയിപ്പ് ട്വിറ്ററിലടക്കം ഒട്ടേറെപ്പേരാണ് പ്രതികരിക്കുന്നത്.

NO COMMENTS