ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍ ഇനിമുതല്‍ പിഴ നല്‍കേണ്ടിവരും. സേവിങ്സ് ബാങ്ക് അ ക്കൗണ്ടുകളില്‍ ഓരോ മേഖല തിരിച്ച് നിശ്ചയിച്ചിരിക്കുന്ന ബാലന്‍സ് തുകയില്ലെങ്കിലാണ് പിഴ. 20 രൂപ മുതല്‍ 100 രൂപ വരെയാണ് ഇങ്ങനെ പിഴ നല്‍കേണ്ടിവരുക. ഏപ്രില്‍ ഒന്നുമുതല്‍ പിഴ ഈടാക്കി തുടങ്ങും.
മെട്രോനഗരങ്ങളില്‍ 5000 രൂപയാണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക. നഗരങ്ങളില്‍ 3000 രൂപയും അര്‍ധനഗരങ്ങളില്‍ 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് മിനിമം ബാലന്‍സായി അക്കൗണ്ടില്‍ വേണ്ടത്.മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുള്ള അന്തരം കണക്കാക്കിയാകും പിഴ ഈടാക്കുക. മിനിമം ബാലന്‍സായി വേണ്ടതിലും 75 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 100 രൂപയും സേവന നികുതിയുമാകും പിഴ.
50 ശതമാനത്തിനും 75 ശതമാനത്തിനും ഇടിയലാണ് കുറവുള്ള തുകയെങ്കില്‍ 75 രൂപയും സേവന നികുതിയുമാണ് പിഴ. മിനിമം ബാലന്‍സ് വേണ്ടതിലും 50 ശതമാനത്തില്‍ കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 50 രൂപയും സേവന നികുതിയുമായിരിക്കും പിഴ.
ഗ്രാമപ്രദേശങ്ങളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ 20 രൂപ മുതല്‍ 50 രൂപ വരെയും സേവനനികുതിയുമായിരിക്കും പിഴ. ബാങ്ക് ബ്രാഞ്ചില്‍ മാസത്തില്‍ മൂന്നു തവണയില്‍ കൂടുതല്‍ പണമിടപാട് നടത്തിയാല്‍ ഓരോ തവണയും 50 രൂപ വീതം ഈടാക്കുന്ന രീതി തുടരും. എന്നാല്‍ പിന്‍വലിക്കുന്ന തുകയ്ക്ക് പരിധി എടുത്തുകളഞ്ഞിട്ടുണ്ട്.