മുംബൈ: ഇന്റര്‍നെറ്റ് ബാങ്കിങ് – മൊബൈല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമുകളിലെ സേവനവും പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. സൗജന്യമാക്കി. മറ്റു ചില ബാങ്കുകള്‍ സാങ്കേതിക പ്രശ്നങ്ങള്‍മൂലം ഇനിയും നടപ്പാക്കിയിട്ടില്ല.ഇന്റര്‍നെറ്റ് വഴിയുളള ആര്‍.ടി.ജി.എസ്., നെഫ്റ്റ് ഇടപാടുകള്‍ക്ക് ആര്‍.ബി.ഐ. ഈടാക്കിയിരുന്ന ഫീസ് ഒഴിവാക്കി സൗജന്യമാക്കിയത് ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍.ടി.ജി.എസ്., നെഫ്റ്റ് ഇടപാടുകളുടെ ഫീസ് കുറച്ചത് തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നെങ്കിലും കുറയ്ക്കാന്‍ തയ്യാറായത് ചില ബാങ്കുകള്‍ മാത്രം. വരും ദിവസങ്ങളില്‍ ഇത് നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.
‘യോനോ’ ഉള്‍പ്പെടെയുള്ള മൊബൈല്‍ ആപ്പ് വഴിയുള്ള ഇടപാടുകളാണ് എസ്.ബി.ഐ. സൗജന്യമാക്കിയത്. അതേസമയം, ബാങ്ക് ശാഖകള്‍ വഴിയുള്ള നെഫ്റ്റ്, ആര്‍.ടി.ജി.എസ്. ഇടപാടുകള്‍ക്ക് ജി.എസ്.ടി. ഉള്‍പ്പെടെ ഫീസുണ്ടാകും. കൂടാതെ ഓഗസ്റ്റ് ഒന്നു മുതല്‍ ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ് (ഐ.എം.പി.എസ്.) വഴിയുള്ള ഇടപാടിനുള്ള ഫീസ് ഒഴിവാക്കാനും എസ്.ബി.ഐ. തീരുമാനിച്ചിട്ടുണ്ട്. ഇതും ഇന്റര്‍നെറ്റ്, മൊബൈല്‍ പ്ലാറ്റ്‌ഫോമിലാകും സൗജന്യമാകുക. ബാങ്ക് ശാഖകള്‍ വഴിയാണെങ്കില്‍ ചെറിയ ഫീസ് നല്‍കേണ്ടി വരും.
ബാങ്ക് ശാഖകളിലെ നിരക്ക്
ഇടപാടു തുക- പുതിയത് -പഴയത്
നെഫ്റ്റ്
10,000 വരെ 2- 2.50
10,000 – ഒരു ലക്ഷം 4- 5
ഒരു ലക്ഷം – രണ്ടു ലക്ഷം 12- 15
രണ്ടു ലക്ഷത്തിനു മുകളില്‍ 20- 25
ആര്‍.ടി.ജി.എസ്.
രണ്ടു ലക്ഷം-അഞ്ചു ലക്ഷം 20 -25
അഞ്ച് ലക്ഷത്തിനു മുകളില്‍ 50- 40
എല്ലാ ഫീസിനും അധികമായി ജി.എസ്.ടി. കൂടിയുണ്ടാകും.
(തുക രൂപയില്‍)