തിരുവനന്തപുരം: ശ്രീകാര്യം സി ഇ ടി യിലെ ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി രതീഷിന്റെ മരണത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷന്‍ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു.
വെള്ളിയാഴ്ച മുതല്‍ രതീഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം കണ്ടെത്തിയ കുളിമുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംഭവമുണ്ടായ ശ്രീകാര്യം സി ഇ ടി യില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. ഇന്നലെ രാത്രി 10.30 ഓടെയാണ് സിഇടിയിലെ സിവില്‍ എഞ്ചിനീയറിംഗ് ബ്ലോക്കിലെ കുളിമുറിയില്‍ രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രതീഷിന് നെയ്യാറ്റിന്‍കര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നെന്നും അവരാണ് മരണത്തിന് പിന്നിലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. മാതൃസഹോദരിയുടെ ഒപ്പമായിരുന്നു രതീഷ് താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് രതീഷിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്.