സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 12 ലക്ഷം വരെ ഗ്രാന്‍റ് ; ‘സ്കെയില്‍-അപ്’ ഫെസ്റ്റിന് സ്റ്റാര്‍ട്ടപ് മിഷന്‍ അപേക്ഷ ക്ഷണിച്ചു

264

തിരുവനന്തപുരം : വരുമാനം ലഭിക്കുന്ന തരത്തില്‍ വളര്‍ന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 12 ലക്ഷം രൂപവരെ ഗ്രാന്റ് നല്‍കുന്ന ‘സ്‌കെയില്‍-അപ് ഫെസ്റ്റ്’ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ 12 ലക്ഷം രൂപയെങ്കിലും വരുമാനമായോ നിക്ഷേപമായോ സമാഹരിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഐഡിയ ഡേയിലൂടെയുള്ള സാമ്ബത്തിക സഹായം ലഭിക്കാന്‍ അര്‍ഹതയുള്ളത്.
സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയായിരിക്കണം. നിക്ഷേപം സമാഹരിക്കുന്ന ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്‌കെയില്‍-അപ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം. ഇവര്‍ക്ക് ലഭിച്ചിട്ടുള്ള വരുമാനമോ നിക്ഷേപമോ പരിശോധിച്ചതിനുശേഷം മാത്രമെ ഗ്രാന്റ് നല്‍കുകയുള്ളു. ഇതിനകം തന്നെ ഉത്പന്നം പുറത്തിറക്കി വരുമാനം ലഭിക്കുന്നവയായിരിക്കണം.

വിദഗ്ധരടങ്ങിയ സമിതി അപേക്ഷകളുടെ പരിശോധന നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ തങ്ങളുടെ ഉത്പന്നത്തെക്കുറിച്ച് രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ, ഫണ്ട് വിനിയോഗ പദ്ധതി, പിച്ച് ഡെക്ക് എന്നിവ സമര്‍പ്പിക്കണം. ഇതിനു ശേഷം പരിശോധനാ സമിതിയുടെ വിലയിരുത്തല്‍ കൂടി കഴിഞ്ഞതിനുശേഷം മാത്രമേ ആശയവുമായി മുന്നോട്ടു പോകേണ്ടതാണോ എന്നു തീരുമാനിക്കുകയുള്ളു. അപേക്ഷകള്‍ ലഭിക്കാനുള്ള അവസാന തിയതി ജൂണ്‍ 15 ആണ്. ജൂണ്‍ 22 ന് ചുരുക്കപ്പട്ടികയും ജൂണ്‍ 30-ന് അവസാന ഘട്ട ആശയാവതരണവും നടക്കും.

താത്പര്യമുള്ളവര്‍ക്ക് www.startupmission.kerala.gov.in/scaleupideaday എന്ന വെബ്സൈറ്റില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അന്വേഷണങ്ങള്‍ക്ക് ideaday@startupmission.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.

സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ ആശയങ്ങളെയും മാതൃകകളെയും മികച്ച നിലവാരത്തില്‍ കമ്പോള സാധ്യതയുള്ള ഉത്പന്നങ്ങളായി മാറ്റുന്നതിനുവേണ്ടി സാമ്പത്തിക സഹായം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്നൊവേഷന്‍ ഗ്രാന്‍റിന് രൂപം നല്‍കിയിട്ടുള്ളത്. സാധാരണ ഗതിയില്‍ തുടക്കക്കാര്‍ക്ക് വായ്പകളോ സാമ്പത്തിക സഹായമോ ലഭിക്കാനിടയില്ലെന്നതു കണക്കിലെടുത്താണ് ഇത്തരമൊരു ഗ്രാന്‍റ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ഇതിന്‍റെ നോഡല്‍ ഏജന്‍സി.

NO COMMENTS