ദേശീയ സ്കൂള്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് പൂണെയില്‍ തുടക്കം

170

പൂണെ :അറുപത്തി രണ്ടാമത് ദേശീയ സ്കൂള്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് പൂണെയില്‍ തുടക്കം. പൂണെ ഛത്രപതി ശിവജി ബാലേവാഡി സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്സരത്തോടെയാണ് സീനിയര്‍ സ്കൂള്‍ അത്ലറ്റിക്സ് ആരംഭിക്കുന്നത്. മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഇതിനെ തുടര്‍ന്ന് ഉണ്ടാകും. മഹാരാഷ്ട്ര കായിക വകുപ്പ് മന്ത്രി വിനോദ് താവ്ഡെയാണ് കൗമാരകായികമേള ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നത്. ഒളിംപ്യന്‍ ലളിത ബാബര്‍ മുഖ്യാതിഥിയാകും. ഡിഎവി കോളേജ് ഓഫ് മാനേജിങ് കമ്മിറ്റി, സിബിഎസ്‌ഇ സ്പോര്‍ട്സ് വെല്‍ഫെയര്‍ സ്പോര്‍ട്സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ യുവ നിര ഉള്‍പ്പെടെ ആകെ 32 ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. ഉദ്ഘാടന ദിനമായ ഇന്ന് രണ്ട് ഫൈനല്‍ മാത്രമാണുള്ളത്. 5000 മീറ്ററിന്റെ ഇരുവിഭാഗങ്ങളിലും ഫൈനല്‍ നടക്കും. 41 ആണ്‍കുട്ടികളും 38 പെണ്‍കുട്ടികളും ഉള്‍പ്പെട്ട സംഘമാണ് കേരളത്തിനായി കിരീടം തേടി ഇറങ്ങുന്നത്. ടീമുകളുടെ മാര്‍ച്ച്‌പാസ്റ്റില്‍ 79 അംഗ കേരള സംഘത്തിന്റെ പതാകയേന്തുന്നത് ടീം ക്യാപ്റ്റന്‍ സി ബബിതയാണ്. ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിന്റെ ബിബിന്‍ ജോര്‍ജ് കേരളത്തിന്റെ സുവര്‍ണപ്രതീക്ഷയാണ്. ദീര്‍ഘദൂര, മധ്യനിര ഇനങ്ങളില്‍ ബിബിന്‍ ജോര്‍ജ്, അനുമോള്‍ എന്നിവര്‍ക്കൊപ്പം സി ബബിത, അബിത മേരി മാനുവല്‍ എന്നിവരും കേരളത്തിന്റെ മെഡല്‍ പ്രതീക്ഷകളാണ്.

NO COMMENTS

LEAVE A REPLY