ന്യൂഡല്‍ഹി: കൊറോണ വൈറസുകള്‍ വായുവിലൂടെ പകരുമായിരുന്നുവെങ്കില്‍ വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവര്ക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നുവെന്നും വൈറസുകള്‍ വായുവിലൂടെ പടര്‍ന്ന് പിടിച്ച് രോഗം പരത്തുന്നതിന് തെളിവില്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഐസിഎംആറിലെ ഹെഡ് ശാസ്ത്രജ്ഞന് ഡോ. രമണ്‍ ആര് ഗംഗാഖേദ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊറോണ വായുവിലൂടെയും പകരുമെന്ന് യുഎസ് പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങളെ തള്ളുകയാണ് ഐസിഎംആര്‍.കൊറോണ ബാധിതര്‍ ചികിത്സയില്‍ കഴിഞ്ഞ ആശുപത്രികളിലെ മറ്റു രോഗികള്‍ക്ക് വൈറസ് ബാധയില്ല. അതിനാല്‍ കൊറോണ വായുവിലൂടെ പകരുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്വാളിനൊപ്പമായിരുന്നു വാര്‍ത്താസമ്മേളനം.