കാസര്‍കോട് : ഉപ്പള മുസോടിയില്‍ ശക്തമായ കടല്‍ ക്ഷോഭം മൂലം മൂന്നു കുടുംബങ്ങളിലെ കുട്ടികളും മുതിര്‍ന്നവരുമടക്കം 12 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. കടലാക്രമണത്തില്‍ ഇവരുടെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കൂടാതെ ആറു കുടുംബങ്ങളിലെ 27 മുതിര്‍ന്നവരും 16 കുട്ടികളുമടക്കം 43 പേര്‍ സുരക്ഷിതത്വം കണക്കിലെടുത്ത് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കും.
അടിയന്തര സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസ ക്യാംപ് ആരംഭിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി മഞ്ചേശ്വരം തഹസില്‍ദാര്‍ അറിയിച്ചു. കാസര്‍കോട് താലൂക്കിലെ ചേരങ്കൈ സിറാജ് നഗറില്‍ കടലാക്രമണത്തെ തുടര്‍ന്ന് നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.
ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ കനത്ത മഴയില്‍ 26 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ മുഴുവനായും തകര്‍ന്നു.
വെള്ളരിക്കുണ്ട് താലൂക്കില്‍ മൂന്നും, കാസര്‍കോട് താലൂക്കില്‍ രണ്ടും, മഞ്ചേശ്വരം താലൂക്കില്‍ ഏഴും, ഹോസ്ദുര്‍ഗ് താലൂക്കില്‍ 13 വീടുകളുമാണ് ഭാഗികമായി തകര്‍ന്നത്. മഞ്ചേശ്വരം താലൂക്കില്‍ മൂന്ന് വീടും ഹോസ്ദുര്‍ഗില്‍ ഒരു വീടുമാണ് പൂര്‍ണ്ണമായും തകര്‍ന്നത്.
ജില്ലാ കളക്ടര്‍ എല്ലാ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും ജാഗരൂകരാകാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. പൊതുജനത്തിന് മഴക്കെടുതിയെ കുറിച്ച് പരാതിപ്പെടാന്‍ വില്ലേജ്, താലൂക്ക്, ജില്ലാ തലത്തില്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഉണ്ട്. മഞ്ചേശ്വരം താലൂക്കില്‍ കടലാക്രമണം പ്രതിരോധിക്കാനുള്ള നടപടികള്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന നടപ്പിലാക്കി.
കടലാക്രമണ ഭീഷണികള്‍ നേരിടുന്ന പ്രദേശത്ത് ജിയോ ബാഗുകളും, സംരക്ഷണ ഭിത്തികളും നിര്‍മ്മിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. എത് അടിയന്തിര സാഹചര്യവും നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലാ ഭരണകൂടം നടത്തിയിട്ടുണ്ട്. ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.