മുംബൈ • മുംബൈ ഭീകരാക്രമണത്തില്‍ നിരവധി പേരുടെ രക്ഷകനായി മാറിയ പൊലീസ് നായ സീസര്‍ വിടവാങ്ങി. മുംബൈയിലെ വിരാറിലെ ഫാമില്‍ വിശ്രമത്തിലായിരുന്ന സീസര്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമടഞ്ഞത്. 11 വയസ്സായിരുന്നു. 2005 മുതല്‍ 2013 വരെ മുംബൈ പൊലീസിനോടൊപ്പം പ്രവര്‍ത്തിച്ചു.മുംബൈ പൊലീസിന്റെ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്ക്വാഡിന്റെ ഭാഗമായിരുന്നു സീസര്‍. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് 2008 നവംബര്‍ 26 നു തുടങ്ങിയ തിരച്ചിലുകളില്‍ സീസര്‍ പങ്കെടുത്തിരുന്നു. തിരക്കേറിയ സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍ ഭീകരര്‍ ഒളിപ്പിച്ചു വച്ചിരുന്ന ഗ്രനേഡുകള്‍ കണ്ടെത്തി. ഭീകരര്‍ ഒളിച്ചിരുന്ന നരിമാന്‍ ഹൗസില്‍ നടത്തിയ തിരച്ചിലിലും പങ്കെടുത്തു.
2006 ലും 2011 ലും മുംബൈയില്‍ നടന്ന സ്ഫോടന പരമ്ബരകളെ തുടര്‍ന്ന് നടന്ന അന്വേഷണങ്ങളിലും പൊലീസിന് സീസര്‍ ഏറെ സഹായിയായി.സീസറിനൊപ്പം ടൈഗര്‍, സുല്‍ത്താന്‍, മാക്സ് എന്നീ നായ്ക്കളും തിരച്ചിലില്‍ പങ്കെടുത്തിരുന്നു. ഇവര്‍ മൂന്നുപേരും നേരത്തെതന്നെ മരിച്ചിരുന്നു. ഇക്കൂട്ടത്തിലെ അവസാനകണ്ണിയായിരുന്നു സീസര്‍. ഉറ്റ സുഹൃത്തായ ടൈഗറിന്റെ മരണത്തോടെ സീസര്‍ കടുത്ത വിഷാദത്തിലായിരുന്നു. ഏറെ നാളത്തെ ചികല്‍സയ്ക്കുശേഷം ഫാമില്‍ വിശ്രമജീവിതം നയിക്കവേയാണ് മരണത്തിനു കീഴടങ്ങിയത്.സീസറിന്റെ വിയോഗം ഏറെ സങ്കടമുള്ളതാണെന്നും വിലമതിക്കാനാവാത്ത സേവനത്തിന്റെ പേരില്‍ സീസര്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും മുംബൈ പൊലീസ് കമ്മിഷണര്‍ ഡിഡി പട്സാല്‍ഗികര്‍ പറഞ്ഞു.