കോഴിക്കോട്: കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനു പിന്നില്‍ ജഡ്ജിമാര്‍ക്കും പങ്കുണ്ടെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍. രാജ്യചരിത്രത്തിലില്ലാത്ത രീതിയിലുള്ള മാധ്യമ വിലക്കിന് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണ്. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ുയകയായിരുന്നു അഭിഭാഷകന്‍ കൂടിയായ ഡോ. സെബാസ്റ്റ്യന്‍ പോള്‍.ഭരണനിര്‍വഹണവും നീതിന്യായ വ്യവസ്ഥയും ഇന്ന് മാധ്യമ പ്രവര്‍ത്തനത്തിനെതിരാണ്. മാധ്യമപ്രവര്‍ത്തകരുടെ അസാന്നിധ്യം മന:സമാധാനമുണ്ടാക്കുന്നുണ്ടെന്നാണ് ഒരു യോഗത്തില്‍ ഹൈക്കോടതിയിലെ ജഡ്ജി അഭിപ്രായപ്പെട്ടത്.
അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങളെ കടിഞ്ഞാണിടാന്‍ വ്യാപകമായ ശ്രമമുണ്ടായിരുന്നു. എന്നാല്‍, വാര്‍ത്താ ശേഖരണത്തിനും എഴുത്തിനും തടസമുണ്ടായിരുന്നില്ല. അതിലേറെ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. ഇന്ന് വാര്‍ത്താശേഖരണത്തിനുപോലും അനുവദിക്കുന്നില്ല. വാര്‍ത്തകളെ അവയുടെ സ്രോതസില്‍ തന്നെ തടയുകയാണ്. ഇപ്പോള്‍ കോടതികളില്‍ ജനങ്ങള്‍ക്കു വേണ്ടി നിരീക്ഷിക്കാന്‍ മാധ്യമങ്ങളില്ല. കോടതിമുറികളില്‍ നിശബ്ദമായ ഒത്തുകളികള്‍ അരങ്ങേറുകയാണ്. വിലക്കിനെതിരേ മാധ്യമ പ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന് ഒരുങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്‍.പി. രാജേന്ദ്രന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുള്‍ ഗഫൂര്‍, ജില്ലാപ്രസിഡന്‍റ് കമാല്‍വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ്, ട്രഷറര്‍ പി. വിപുല്‍നാഥ് എന്നിവര്‍ പങ്കെടുത്തു.