‘മതനിരപേക്ഷ ഇന്ത്യ, പുരോഗമന കേരളം’; ഗാന്ധി രക്തസാക്ഷിത്വത്തിന‌് 71 വര്‍ഷം ; 71 കേന്ദ്രങ്ങളില്‍ ഡിവൈഎഫ‌്‌ഐ ‘യുവസാക്ഷ്യം.

164

തിരുവനന്തപുരം :ഗാന്ധി രക്തസാക്ഷിത്വത്തിന‌് 71 വര്‍ഷം പൂര്‍ത്തിയാകുന്ന ബുധനാഴ‌്ച സംസ്ഥാനത്തെ 71 കേന്ദ്രങ്ങളില്‍ ഡിവൈഎഫ‌്‌ഐ ‘യുവസാക്ഷ്യം’ സംഘടിപ്പിക്കും. ‘മതനിരപേക്ഷ ഇന്ത്യ, പുരോഗമന കേരളം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള യുവസാക്ഷ്യം സ്വതന്ത്ര്യ സമരത്തിന്റെയും നവോത്ഥാന മുന്നേറ്റത്തിന്റെയും ചരിത്രസമരണകള്‍ ഉണര്‍ത്തുന്ന കേന്ദ്രങ്ങളിലാണ‌് സംഘടിപ്പിക്കുന്നത‌്.

നാടിന്റെ നവോത്ഥാനമുല്യങ്ങളും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായ യുവസാക്ഷ്യത്തില്‍ സമൂഹമൊന്നാകെ പങ്കെടുക്കണമെന്ന‌് ഡിവൈഎഫ‌്‌ഐ സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌്, സെക്രട്ടറി എ എ റഹീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.ഭരണഘടനയെപ്പോലും വെല്ലുവിളിച്ച‌് രാജ്യത്ത‌് തീവ്രവര്‍ഗീയത ആപല്‍കരമായി വളര്‍ന്നിരിക്കുകയാണ‌്. രാജ്യത്തിന്റെ മതേതര പാരമ്ബര്യത്തിന‌് പോറലേല്‍പ്പിച്ച‌് അപകടകരമായ അസമത്വമാണ‌് മോദി സര്‍ക്കാര്‍ സൃഷ്‌ടിക്കുന്നത‌്.

ഭരണാധികാരികള്‍തന്നെ വര്‍ഗീയ കലാപങ്ങള്‍ക്ക‌് ആഹ്വാനം നല്‍കുകയാണ‌്. നവോത്ഥാന മൂല്യങ്ങളുടെ കലവറയായ കേരളത്തിലും വര്‍ഗീയ കലാപങ്ങള്‍ക്ക‌് കോപ്പുകുട്ടുകയാണ‌് സംഘപരിവാരം. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സംസ്ഥാനത്തെ മതേതര ജനാധിപത്യ സമൂഹമാകെ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ വൈകിട്ട‌് സംഘടിപ്പിക്കുന്ന യുവസാക്ഷ്യത്തില്‍ പങ്കെടുക്കണം. രാജ്യത്തെ രാഷ്‌ട്രീയ സാമൂഹിക– സാംസ‌്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഓരോ കേന്ദ്രങ്ങളിലും യുവസാക്ഷ്യത്തിന്റെ ഭാഗമാകും. തിരുവനന്തപുരം പേട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ‌്ഘാടനംചെയ്യും.

കണ്ണൂരില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍ ഉദ‌്ഘാടനംചെയ്യും. ആറ്റിങ്ങലില്‍ വൃന്ദാ കാരാട്ടും ആലുവയില്‍ എം എ ബേബിയും ഉദ‌്ഘാടനംചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ഡിവൈഎഫ‌്‌ഐ സംസ്ഥാന ട്രഷറര്‍ എസ‌് കെ സജീഷ‌്, വൈസ‌് പ്രസിഡന്റ‌് കെ യു ജെനീഷ‌്കുമാര്‍, ജില്ലാ പ്രസിഡന്റ‌് കെ പി പ്രമേഷ‌് എന്നിവരും പങ്കെടുത്തു.

NO COMMENTS