ചണ്ഡിഗഢ്: 2015ലെ സിക്ക് വിശുദ്ധഗ്രന്ഥം നശിപ്പിച്ച കേസില്‍ കുറ്റാരോപിതനായി ജയിലിലായ പ്രതി ജയിലിനുള്ളില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചാബില്‍ സുരക്ഷ വര്‍ധിപ്പിച്ചു. സാമുദായിക അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്ന് ഭയന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.
2015ല്‍ ഫരീദ്‌ക്കോട്ട് ജില്ലയിലെ ബാര്‍ഗറിയില്‍ വെച്ച് സിഖുകാരുടെ വിശുദ്ധ ഗ്രന്ഥം നശിപ്പിച്ച കേസിലെ പ്രതി 49കാരനായ മൊഹീന്ദര്‍ പാല്‍ ബിട്ടുവിനെയാണ് പട്യാലയിലെ ന്യൂ നാഭയിലെ ജയിലില്‍ വെച്ച് രണ്ട് സഹതടവുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരം 5: 45 ഓടെയാണ് സംഭവം. ഗുര്‍സ്വക് സിംഗ്, മനീന്ദര്‍ സിംഗ് എന്നിവര്‍ ബിട്ടുവിനെ ആക്രമിക്കുകയും തുരുമ്ബ് പിടിച്ച ജനാല വഴി തള്ളി ഇടുകയും ചെയ്തു. ഉടന്‍ തന്നെ ബിട്ടുവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ജനങ്ങള്‍ സമാധാനത്തോടെ ഇരിക്കണമെന്നും അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പോകരുതെന്നും എല്ലാ സമുദായക്കാരോടും അഭ്യര്‍ഥിച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിന്റെ ഭാഗമായി ജയില്‍ സൂപ്രണ്ടിനെയും ബാരക്ക് ഇന്‍ ചാര്‍ജിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്‌എഫ്) പത്ത് കമ്ബനികളെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ (ആര്‍എഫ്) രണ്ട് കമ്ബനികളെയും സംസ്ഥാനത്തേക്ക് വിളിച്ചിപ്പിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് മൂന്ന് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വസ്തുതാന്വേഷണ സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ പ്രതി മൊഹീന്ദര്‍ പാല്‍ ബിട്ടുവിനെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമെയാണ് കൊലപാതകം സംബന്ധിച്ച അന്വേഷണം. ദേരാ സച്ച സൗദ വിഭാഗത്തിന്റെ അനുയായിയായ മൊഹീന്ദര്‍ പാല്‍ ബിട്ടു 2015 ല്‍ ഫരീദ്കോട്ടിലെ ബര്‍ഗാരിയില്‍ ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് അപമാനിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരുന്നു.
സംസ്ഥാനമൊട്ടാകെ ആ വര്‍ഷം നടന്ന അക്രമ പരമ്ബരയിലെ ആദ്യ സംഭവങ്ങളിലൊന്നായിരുന്നു ഇത്.മൊഗാ ജില്ലയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഫരീദ്കോട്ട് ജില്ലയിലെ കോട്ട്കപുരയിലും പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. അധികാരത്തില്‍ വന്നയുടനെ അമീന്ദര്‍ സിംഗ് ജസ്റ്റിസ് (റിട്ടയേര്‍ഡ്) രഞ്ജിത് സിങ്ങിന്റെ കീഴില്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു.