കൊച്ചി: വിദേശത്തേക്ക് ആനകൊമ്പും ശില്പങ്ങളും കടത്താന്‍ പ്രതികളെ സഹായിച്ചിരുന്നത് നേപ്പാളിലെ എയര്‍ കാര്‍ഗോ കമ്ബനികളാണെന്ന് വിവരം. സിലിഗുരി വഴി നേപ്പാളിലെത്തിക്കുന്ന കൊമ്ബുകളാണ് എയര്‍ കാര്‍ഗോ കമ്ബനികളുടെ സഹായത്തോടെ ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് കടത്തിയത്. കോടികളുടെ ഇടപാടാണ് നടന്നത്.
ഇന്ത്യയിലെ എയര്‍കാര്‍ഗോ കമ്ബനികള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്നും വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്. കേസിലെ മുഖ്യ ഇടനിലക്കാരിയായ സിന്ധു എന്ന കൊല്‍ക്കത്ത തങ്കച്ചിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരൂ എന്നാണ് വനംവകുപ്പ് പറയുന്നത്. അതേസമയം, ജാമ്യത്തിലിറങ്ങിയ കൊല്‍ക്കത്ത തങ്കച്ചി ഒളിവിലാണെന്നാണ് ഔദ്യോഗിക ഭാഷ്യം.2015ല്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാര്‍ച്ച് 26 ന് കൊല്‍ക്കത്ത പൊലീസിന്റെ സഹായത്തോടെയാണ് തങ്കച്ചിയെ അറസ്റ്റ് ചെയ്തത്.
അലിപ്പൂര്‍ കോടതി തങ്കച്ചിക്ക് ജാമ്യം നല്‍കി. ഈ മാസം 23ന് വനം വകുപ്പ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശത്തോടെയായിരുന്നു ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ തങ്കച്ചി കേരളത്തിലേക്കെത്തിയെങ്കിലും എവിടെയാണന്ന് വനംവകുപ്പിന് വ്യക്തതയില്ല.തങ്കച്ചിയുള്‍പ്പെടുന്ന സംഘം നാട്ടാനകളുടെ കൊമ്ബുകളും മുറിച്ച് വിദേശത്തേക്ക് കടത്തിയതായി കൊല്‍ക്കത്ത ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. ആനയുടമകളുടെ അറിവോടെയാണ് കൊമ്ബുകള്‍ മുറിച്ചു കടത്തിയിരുന്നത്. ദക്ഷിണേന്ത്യക്ക് പുറമെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നിന്നും കൊമ്ബിനായി തങ്കച്ചിയും കൂട്ടരും ആനകളെ വേട്ടയാടി കൊന്നിട്ടുണ്ട്.
കേസില്‍ 46ാം പ്രതിയായ തങ്കച്ചി കൊല്‍ക്കത്ത കേന്ദ്രീകരിച്ചാണ് വര്‍ഷങ്ങളായി ഇടപാടുകള്‍ നടത്തുന്നത്. തങ്കച്ചിയുടെ ഭര്‍ത്താവ് സുധീഷ് ചന്ദ്രബാബു, മകള്‍ അമിത എന്നിവരും ആനകൊമ്ബ് കടത്തുകേസില്‍ കൊല്‍ക്കത്തയില്‍ റിമാന്‍ഡിലാണ്. ഇവരെയും വിട്ടുകിട്ടിയ ശേഷം മൂന്നുപേരെയും ചോദ്യം ചെയ്താല്‍ മാത്രമേ കേസിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ എന്നാണ് വനംവകുപ്പ് പറയുന്നത്.