ന്യൂഡല്‍ഹി : രാജ്യത്തെ ഏതു കമ്പ്യൂട്ടറും പരിശോധിക്കാനും നിരീക്ഷിക്കാനും അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ വിമര്‍ശിച്ച് സി പി എം ജന. സെക്ര. സീതാറാം യെച്ചൂരി. ഇന്ത്യക്കാരെയെല്ലാം കുറ്റവാളികളായി പരിഗണിക്കുന്ന രീതിയിലുള്ള ഇത്തരമൊരു നടപടി എന്തിനാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പൗരന്മാരുടെ എല്ലാ സ്വകാര്യമായ വിവരങ്ങളുള്‍പ്പടെ നിരീക്ഷിക്കാനുള്ള ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. ടെലിഫോണ്‍ ടാപ്പിംഗ് മാര്‍ഗനിര്‍ദേശങ്ങളും സ്വകാര്യതയെയും ആധാറിനെയും സംബന്ധിച്ച കോടതി വിധികളും ലംഘിക്കുന്നതാണ് നടപടിയെന്നും യെച്ചൂരി പറഞ്ഞു.
രാജ്യത്തെ ഏതു കമ്പ്യൂട്ടറിലും ശേഖരിക്കുന്നതും കൈമാറുന്നതും കൈമാറിക്കിട്ടുന്നതുമായ എല്ലാ വിവരങ്ങളിലും ഇടപെടുന്നതിനും നിരീക്ഷിക്കുന്നതിനും 10 അന്വേഷണ ഏജന്‍സികള്‍ക്കു അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ നേരത്തെ ആഭ്യന്തര സെക്ര. രാജീവ് ഗൗബ ഒപ്പുവച്ചു.
ഇന്റലിജന്‍സ് ബ്യൂറോ, നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്സ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സി ബി ഐ, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, കാബിനറ്റ് സെക്രട്ടേറിയറ്റ് (ആര്‍&എ ഡബ്ല്യൂ), ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് (ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ ഭാഗങ്ങളിലും അസമിലും മാത്രം), ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നീ ഏജന്‍സികളാണ് മന്ത്രാലയ ഉത്തരവിലുള്ളത്.