രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രണ്ട് തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് പാര്‍ട്ടി നയമല്ലെന്ന് അദ്ദേഹം അറിയിച്ചു. പുതിയ ആള്‍ക്കാര്‍ക്ക് അവസരം നല്‍കാനാണ് ഈ തീരുമാനം. അത് നടപ്പിലാക്കേണ്ട ഉത്തരവാദിതം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ തനിക്കുണ്ടെന്ന് യെച്ചൂരി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായ സീതാറാം യെച്ചൂരിയുടെ കാലാവധി ഓഗസ്റ്റ് 28ന് അവസാനിക്കുകയാണ്. 26 എംഎല്‍എമാരുള്ള സി പി എമ്മിന് ജയിക്കണമെങ്കില്‍ 44 അംഗങ്ങളുള്ള കോണ്‍ഗ്രിന്റെ കൂടി പിന്തുണ വേണം. യച്ചൂരിയാണെങ്കില്‍ പിന്തുണക്കാമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് മുന്നോട്ട് വച്ചത്. എന്നാല്‍ മത്സരിക്കാനില്ലെന്ന് യെച്ചൂരി അന്ന് തന്നെ വ്യക്തമാക്കിയതാണ്. ഈ നിലപാടാണ് ഇപ്പോള്‍ പരസ്യമായി അറിയിച്ചത്. രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ഒരാള്‍ക്ക് രാജ്യസഭയില്‍ അവസരം നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടിനയം. യെച്ചൂരി അല്ലെങ്കില്‍ സി പി എം സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. എങ്കില്‍ കോണ്‍ഗ്രസ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്ക് സി പി എം പിന്തുണ നല്‍കുമോയെന്നാണ് ഇനി വ്യക്തമാക്കേണ്ടത്. എതായാലും കോണ്‍ഗ്രസ് പിന്തുണയോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാജ്യസഭയിലെത്തുന്നുവെന്ന ആക്ഷേപം ഒഴിവാക്കാന്‍ യെച്ചൂരിയുടെ വിശദീകരണത്തിലൂടെ കഴിഞ്ഞെന്ന ആശ്വാസത്തിലാണ് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍.