തിരുവനന്തപുരം: ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ ടി.പി.സെന്‍കുമാര്‍ നല്കിയ കോടതി അലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കോടതിയോട് നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ടാണ് കേസില്‍ ചീഫ് സെക്രട്ടറി ഇന്നലെ സത്യവാംങ് മൂലം നല്‍കിയിരുന്നു. എജിയുടെയും നിയമസെക്രട്ടറിയുടെയും ഉപദേശം അനുസരിച്ചാണ് സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടി അപേക്ഷ നല്‍കിയതെന്നും ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചിരുന്നു.
സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിയമിച്ച സാഹചര്യത്തില്‍ കോടതി അലക്ഷ്യ ഹര്ജിയിന്മേലുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. നിയമനം കിട്ടിയ സാഹചര്യത്തില്‍ സെന്‍കുമാര്‍ തന്നെ കോടതി അലക്ഷ്യ ഹര്‍ജി പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. ഡിജിപിയായി സ്ഥാനമേറ്റെടുത്തശേഷം സെന്‍കുമാര്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി പിൻവലിക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.പുനഃപരിശോധന ഹര്‍ജിയിൽ മറിച്ചൊരു തീരുമാനം ഉണ്ടാകാൻ സാധ്യതയില്ല എന്ന് വ്യക്തമായ സാഹചര്യത്തിൽ കൂടിയാണ് ഇത്.