ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവുകളില്‍ അന്വേഷണം പ്രഖ്യാപിച്ച് ടിപി സെന്‍കുമാര്‍

321

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവുകളില്‍ അന്വേഷണം പ്രഖ്യാപിച്ച് ടിപി സെന്‍കുമാര്‍. പൊലീസിലെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവിയായ ജൂനിയര്‍ സൂപ്രണ്ടിനെ മാറ്റാന്‍ മണിക്കൂറുകള്‍ക്കകം രണ്ട് ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. സെന്‍കുമാറിന്റെ ചലനങ്ങള്‍ പോലും നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച എഐജി മുതല്‍ എഡിജിപി വരെ ഉദ്യോഗസ്ഥരെ കാഴ്ച്ചക്കാരാക്കിയാണ് സെന്‍കുമാറിന്റെ നടപടികള്‍. പൊലീസ് മേധാവി ആയിരിക്കെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ ഉത്തരവുകളില്‍ പുന:പരിശോധനയും അന്വേഷണവും പ്രഖ്യാപിച്ച് ടിപി സെന്‍കുമാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ബ്രൗണ്‍ പെയിന്റ് അടിക്കണമെന്ന ബെഹ്‌റയുടെ ഉത്തരവിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് ആസ്ഥാനത്തെ അഡീഷനല്‍ എഐജി ഹരിശങ്കറിന് സെന്‍കുമാര്‍ നിര്‍ദ്ദേശം കഴിഞ്ഞ ദിവസം നല്‍കി. ടെന്‍ഡര്‍ നടപടികള്‍ പാലിച്ചിട്ടില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണമെന്നാണ് വിശദീകരണം.

പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി ജൂനിയര്‍ സൂപ്രണ്ട് ബീനയെ മാറ്റി കൊണ്ടായിരുന്നു സെന്‍കുമാറിന്റെ അടുത്ത ഉത്തരവ്. സേനയിലെ അപ്രധാന വകുപ്പായ യു സെക്ഷനിലേക്കാണ് ഈ ഉദ്യോഗസ്ഥയെ മാറ്റിയത്. പുറ്റിങ്ങല്‍, ജിഷ കേസ് എന്നിവ സംബന്ധിച്ച ചില രേഖകള്‍ വിവരാവകാശ പ്രകാരം നല്‍കാന്‍ തയ്യാറാകാത്തതാണ് നടപടിക്ക് കാരണമെന്ന ആക്ഷേപവും ഉണ്ട്. പകരം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് നിയമിച്ച് ഉത്തരവിറക്കിയെങ്കിലും ചുമതലയേറ്റെടുക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഉടന്‍ തന്നെ പേരൂര്‍ക്കട എസ്എപിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ നിയമിച്ച് മറ്റൊരു ഉത്തരവ് സെന്‍കുമാര്‍ പുറത്തിറക്കുകയായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി മുന്‍പ് പൊലീസ് ആസ്ഥാനത്തു നിന്ന് എസ്എപിയിലേക്കു മാറ്റിയ ഉദ്യോഗസ്ഥനാണ് സുരേഷ് കൃഷ്ണ. സാധാരണഗതിയില്‍ പൊലീസ് മേധാവി ഫയലില്‍ ഉത്തരവിട്ടാല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജിയാണ് ഉത്തരവിറക്കുന്നത്. എന്നാല്‍, സെന്‍കുമാര്‍ ഉത്തരവിറക്കിയ ശേഷമാണ് പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും വിവരങ്ങള്‍ അറിയുന്നത്. സെന്‍കുമാറിന്റെ അഴിച്ചുപണി സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്.

NO COMMENTS

LEAVE A REPLY