തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തുനിന്നു താനറിയാതെ തന്റെ പേരിൽ കീഴുദ്യോഗസ്ഥർ ഉത്തരവിറക്കരുതെന്നു ഡിജിപി ടി പി സെൻകുമാർ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി. സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി എന്നു രേഖപ്പെടുത്തി പൊലീസ് ആസ്ഥാനത്തെ എഐജി മുതൽ എഡിജിപി വരെയുള്ള ഉദ്യോഗസ്ഥർ സാധാരണ ഉത്തരവിറക്കാറുണ്ട്. ഇനി മുതല്‍ ഇതു വേണ്ടെന്നാണ് സെന്‍കുമാര്‍ നല്‍കിയ നിര്‍ദ്ദേശം. പൊലീസ് കോൺസ്റ്റബിൾ മുതൽ എസ്ഐമാർ വരെയുള്ളവരുടെ കാര്യങ്ങളിൽ ഇത്തരത്തിൽ പൊലീസ് ആസ്ഥാനത്തെ എഐജിയാണ് ഉത്തരവിറക്കാറുള്ളത്. ഡിജിപി സ്ഥലത്തില്ലെങ്കിൽ കുറച്ചുകൂടി ഗൗരവമുള്ള കാര്യങ്ങളിലും സർക്കാരിനു നൽകേണ്ട കത്തുകളിലും മറ്റും അദ്ദേഹത്തിനുവേണ്ടി ആസ്ഥാനത്തെ ഐജിയോ എഡിജിപിയോ ഒപ്പിട്ടു കത്തും ഉത്തരവും നൽകുന്ന പതിവും ഉണ്ട്. ഡിജിപി കൂടി പങ്കെടുക്കുന്ന കമ്മിറ്റികളുടെ തീരുമാനങ്ങളും ചിലപ്പോൾ കീഴുദ്യോഗസ്ഥർ ഒപ്പിട്ട് ഉത്തരവായി ഇറക്കും. അതാണ് തുടരുന്ന കീഴ്‌വഴക്കം. ഇനി മുതൽ അതൊന്നും വേണ്ടെന്നാണു സെൻകുമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നൽകിയ നിർദേശം. സെൻകുമാർ ചുമതലയേൽക്കുന്നതിനു തൊട്ടു മുൻപു പൊലീസ് ആസ്ഥാനത്തെ എഐജി മുതൽ എഡിജിപി വരെ ഉദ്യോഗസ്ഥരെ സർക്കാർ മാറ്റി വിശ്വസ്തരെ നിയമിച്ചിരുന്നു. അതിനാൽ ഇവരൊക്കെ ഡിജിപിയുടെ പേരിൽ എന്ത് ഉത്തരവിറക്കുമെന്ന ആശങ്ക അദ്ദേഹത്തിനുണ്ടെന്നാണു പൊലീസ് ആസ്ഥാനത്തുള്ളവർ നല്‍കുന്ന സൂചന.