പൊലീസ് ആസ്ഥാനത്തെ രഹസ്യവിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് സെന്‍കുമാറിന്റെ ഉത്തരവ്

188

പൊലീസ് ആസ്ഥാനത്ത് വീണ്ടും ഉത്തരവ് വിവാദം. രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ ഇനി മുതല്‍ വിവരാവകാശാ നിയമപ്രകാരം നല്‍കണമെന്നാണ് ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ ഉത്തരവ്. ഡി.ജി.പി നിര്‍ദ്ദേശം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമവിരുദ്ധമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ആരോപണം. പൊലീസ് മേധാവിയായ ചുമതലയേറ്റ ശേഷം പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് ബീന കുമാരിയെ, സെന്‍കുമാര്‍ സ്ഥലം മാറ്റിയത് ഏറെ വിവാദമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഈ സ്ഥലംമാറ്റം മരവിപ്പിച്ചു. ഇതിനു പിന്നാലെ ഡി.ജി.പി ഇറക്കിയ ഉത്തരവാണ് പൊലീസ് ആസ്ഥാനത്ത് അടുത്ത വിവാദത്തിന് തിരിതെളിച്ചിരിക്കുന്നത്. രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നാണ് സെന്‍കുമാര്‍ ഉദ്യോസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഉദ്യോഗസ്ഥരുടെ അഴിമതി. മനുഷ്യാവകാശ ലംഘനം, ഉദ്യോഗസ്ഥരുടെ ഭരണനിര്‍വ്വഹണ കാര്യങ്ങള്‍ എന്നിവ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാറില്ല.

NO COMMENTS

LEAVE A REPLY